നവകേരളസദസിന് മാത്രം അനന്തു നൽകിയത് 7 ലക്ഷം രൂപ…സഹായിച്ചത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി…
പകുതി വില തട്ടിപ്പിലെ പ്രധാന പ്രതി അനന്തുകൃഷ്ണന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായി ബന്ധമുണ്ടെന്ന് അനന്തുവിന്റെ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റ്. സിപിഐഎമ്മിലെ നേതാക്കള്‍ക്കും അനന്തു പണം നല്‍കിയിട്ടുണ്ടെന്ന് ലാലി പറഞ്ഞു. അനന്തു നവകേരള സദസിനും പണം നല്‍കിയിട്ടുണ്ടെന്ന് ലാലി വെളിപ്പെടുത്തി.
‘അനന്തു നവകേരള സദസിന് പണം നല്‍കിയതായി അക്കൗണ്ടിലും കാണാം. അനന്തു അത് പൊലീസിനോടും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് പ്രശ്നത്തില്‍ ഇടപെടാന്‍ അപ്പോയ്മെന്റ് എടുത്തു കൊടുത്തത്. കെ എം എബ്രഹാമിൻ്റെ ബന്ധുവാണ് കോഴിക്കോട് സ്വദേശി ബേബി. ബേബി നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്റെ ട്രസ്റ്റിന്റെ ഭാഗമാണ്. ഇവരുടെയെല്ലാം അക്കൗണ്ടിലേക്ക് കോടികള്‍ പോയിട്ടുണ്ട്. നവകേരള സദസിന് വേണ്ടി പ്രിന്റഡ് ഷോപ്പിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഏഴ് ലക്ഷം രൂപയിട്ടു എന്നും എന്നോട് പറഞ്ഞിട്ടുണ്ട്’, ലാലി പറഞ്ഞു.
ഒക്ടോബര്‍ മൂന്നിനാണ് അനന്തുവിനെതിരെ ആദ്യമായി പരാതി വരുന്നത്. മൂവാറ്റുപുഴയില്‍ നിന്നുമായിരുന്നു പരാതി. തുടര്‍ന്ന് അനന്തു കൃഷ്ണന്റെ ഐസിഐസി ബാങ്കിന്റെ അക്കൗണ്ട് മരവിപ്പിച്ചു. ഇതിനെതിരെ പരാതി നല്‍കുന്നതിനാണ് അനന്തു കൃഷ്ണനും ബേബിയും പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇതിനുവേണ്ടി ഡിഐജിയെ പരിചയപ്പെടുത്തുന്നത് എബ്രഹാമാണെന്നാണ് ലാലി ആരോപിക്കുന്നത്.
സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് ആനന്ദകുമാര്‍ അനന്തുകൃഷ്ണനെ സാമ്പത്തികമായി ഉപയോഗിച്ചെന്നും ലാലി പറഞ്ഞു. സ്കൂട്ടറുകളുടെ വാഹനം വിതരണം ചെയ്യുമ്പോള്‍ ഓരോ വാഹനത്തിനും ആനുപാതികമായിട്ടുള്ള പണം സര്‍വീസ് ചാര്‍ജിനത്തില്‍ തനിക്ക് നല്‍കണമെന്ന് ആനന്ദകുമാര്‍ ആവശ്യപ്പെട്ടെന്നും അത് അനന്തു കൃഷ്ണനോട് രേഖയില്ലാതെ കൊടുക്കരുതെന്ന് പറഞ്ഞ് തടഞ്ഞത് താനാണെന്നും ലാലി കൂട്ടിച്ചേര്‍ത്തു. തന്റെ വാക്ക് കേട്ട് കൊടുക്കാതിരുന്നപ്പോള്‍ ആനന്ദകുമാര്‍ ക്ഷുഭിതനായെന്നും ലാലി പറയുന്നു. ടെക്നോപാര്‍ക്കില്‍ ആനന്ദകുമാര്‍ ചെയ്യുന്ന പുതിയ പ്രൊജക്ടുകളുടെ വലിയ ഷെയര്‍ അനന്തുവിന്റേതാണെന്നും ലാലി പറഞ്ഞു.