ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയത് ത്രില്ലിൽ… തിരികെ പോകുമ്പോൾ കയ്യിൽ തൂങ്ങി അവൻ ഇല്ല…

ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയതിന്റെ ത്രില്ലിൽ നിന്നും പെട്ടെന്നാണ് കുഞ്ഞു റിദാന്റെ വേർപാടിന്റെ ദുഃഖത്തിലേക്ക് അവർ പതിച്ചത്.സൗരഭ്, അഭിഷേക്, ഭുമി, ജെയ്, റിദാൻ, റിഷു, മഹേശ്വരി പൂനം എന്നിവരാണ് രാജസ്ഥാനിൽ നിന്നെത്തിയ സംഘത്തിലുണ്ടായത്. കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി വാഹനവും ഏർപ്പാടാക്കി. വിമാനത്താവളത്തിലെ പൂന്തോട്ടത്തിൽ നിന്ന് ഫോട്ടോയും വീഡിയോയുമെല്ലാം മൊബൈൽ ഫോണിൽ പകർത്തി. ഇതിനിടെയാണ് എല്ലാ സന്തോഷവും തല്ലിക്കെടുത്തി ദുരന്തം സംഭവിച്ചത്. റിദാനെ കണാതായതോടെ ആദ്യം ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കുമോ എന്ന് മാതാപിതാക്കൾ സംശയിച്ചു. തുടർന്ന് പോലീസ് എയ്ഡ്‌പോസ്റ്റിലേക്ക് ഓടിച്ചെന്ന് വിവരം അറിയിച്ചു. ഒടുവിൽ അന്വേഷണത്തിൽ മാലിന്യക്കുഴിയിൽ നിന്നും കണ്ടെടുത്തപ്പോഴും കുഞ്ഞ് റിദാൻ രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ, ആ പ്രതീക്ഷകൾക്ക് അല്പനേരമേ ആയുസ്സുണ്ടായുള്ളൂ. കുഞ്ഞിന് ജീവൻ നഷ്ടമായെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തന്നെ അവർക്ക് ആദ്യം കഴിഞ്ഞിരുന്നില്ല.

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ കുട്ടികളായ ജെയിക്കും ഭുമിയുമെല്ലാം റിദാനെ പ്രതീക്ഷിച്ചിരുന്നു. അല്പം മുൻപുവരെ തങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന റിദാൻ വേർപിരിഞ്ഞുവെന്ന് അവരറിഞ്ഞില്ല. ഈ സമയം റിദാന്റെ മരവിച്ച ശരീരം മോർച്ചറിക്കുള്ളിലെ മേശയിൽ ഇൻക്വസ്റ്റിനായി കാത്തുകിടക്കുകയായിരുന്നു. മാതാപിതാക്കൾ സമീപത്തിരുന്ന് കരയുന്നതു കണ്ട് അവരുടെ മുഖവും വാടി.

കരഞ്ഞ് തളർന്ന ഭാര്യയെ നെഞ്ചോട് ചേർത്തുപിടിച്ച് സൗരഭ് മോർച്ചറിക്ക് മുന്നിലിരിക്കുന്ന കാഴ്ച കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഇവരെ ആശുപത്രിയിലെ ഒരു മുറിയിൽ കൊണ്ടിരുത്തി.

കുഞ്ഞ് വീണ മാലിന്യക്കുഴി അടുത്തിടെ സിമന്റിട്ട് ബലപ്പെടുത്തുകയും ഉയരം കൂട്ടുകയും ചെയ്തിരുന്നു. തറനിരപ്പിൽ നിന്നും ഉയർന്നാണ് കുഴി നിൽക്കുന്നത്. ആറടിയോളം താഴ്ച വരുന്ന കുഴിയിൽ നാലടിയോളം മാലിന്യമുണ്ടായിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിന് മുൻപിലെ കഫേയിൽ നിന്നുള്ള മാലിന്യമാണിതിൽ എത്തുന്നത്. കുഴിക്ക് മുകളിൽ സ്ലാബിട്ടിരുന്നില്ല.

Related Articles

Back to top button