പരിപാടിക്കായി പോകവെ വാഹനാപകടം.. റിയാലിറ്റി ഷോ താരമായ മലയാളി യുവതിക്ക് ദാരുണാന്ത്യം…
മൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ജീവൻ നഷ്ടമായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ ശാന്തിനഗറിലെ ജോസിന്റെയും റീനയുടെയും മകൾ അലീഷ്യ(35)യാണ് മരിച്ചത്. നൃത്താധ്യാപികയായ അലീഷ്യ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെയായിരുന്നു അപകടം.പരിക്കേറ്റ ജോബിൻ ചികിത്സയിലാണ്.ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻതന്നെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവരവെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ്യ. ടി വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. എലൈന എഡ്വിഗ ജോബിൻ ഏക മകളാണ്.