നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ മോഷണം…അറസ്റ്റ്…പിന്നാലെ പ്രതികളുടെ ബന്ധുക്കൾ സ്റ്റേഷനിലെത്തി പ്രതിഷേധം…

കൊച്ചി അമ്പലമേട് സ്റ്റേഷനിൽ പൊലീസും മോഷണക്കേസ് പ്രതികളും തമ്മിൽ സംഘർഷം. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികളുടെ ബന്ധുക്കൾ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെയാണ് സാഹചര്യം വഷളായത്. ഇവർ സ്ഥിരം ശല്യക്കാരാണെന്നും വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നിരവധി കേസുകളുണ്ടെന്നും തൃക്കാക്കര എസിപി പറഞ്ഞു.

അമ്പലമേട് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ മോഷണം നടത്തിയതിനാണ് പൊലീസ് 3 യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇതിൽ അഖിൽ ഗണേഷ്, അജിത് ഗണേഷ് എന്നിവർ സഹോദരങ്ങളാണ്. അഖിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി 17 കേസുകൾ നിലവിലുണ്ട്. കാപ്പാ കേസിലെ പ്രതിയുമാണ്. അജിത്തിനെതിരെ 14 കേസുകളുമുണ്ട്. ആദിത്യനെതിരെ കേസുകൾ നിലവിലില്ല. ഇന്നലെ രാത്രി സ്റ്റേഷനിൽ എത്തിച്ചതു മുതൽ മൂവരും അക്രമസാക്തരായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനിലെ സിസിടിവി മോണിറ്റർ അടിച്ചു തകർത്തു. ശുചിമുറിയിലെ പൈപ്പ് നശിപ്പിച്ചു. വനിതാ പൊലീസുകാർ അടക്കമുള്ളവർക്കെതിരെ അസഭ്യവർഷവും നടത്തി. മൂവരേയും അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച് ബന്ധുക്കൾ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രതികളും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.

ഇന്നലെ രാത്രിയിലും ഇന്നുമായി സ്റ്റേഷനിലെ സാധനസാമഗ്രികൾ പ്രതികൾ അടിച്ചു തകർത്തെന്നും പൊതുമുതൽ നശിപ്പിച്ചതിനെതിരെ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തൃക്കാക്കര എസിപി പറഞ്ഞു. 30,000 രൂപയുടെ നാശനഷ്ടങ്ങളാണ് പ്രതികൾ സ്റ്റേഷനുള്ളിൽ ഉണ്ടാക്കിയിരിക്കുന്നത്. അക്രമ സംഭവങ്ങളിൽ പങ്കുള്ള ഇവരുടെ ബന്ധുക്കെതിരെയും പരിശോധിച്ച് കേസെടുക്കുമെന്നും എസിപി പറഞ്ഞു.

Related Articles

Back to top button