രാത്രി എഴ് മണിയോടെ സെല്ലിൽ നിന്നും പുറത്തുപോകും…ഷെറിൻ എന്ത് ആവശ്യപ്പെടുന്നുവോ അത് ജയിലിനുള്ളിൽ എത്തിച്ചിരുന്നു…

ചെറിയനാട് ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് ജയിലിനുള്ളിൽ വഴിവിട്ട പല സൗകര്യങ്ങളും ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ. ജയിലിലെ ബഹുഭൂരിപക്ഷം ഉദ്യോ​ഗസ്ഥരും ഷെറിനിൽ നിന്നും മാസപ്പടി കൈപ്പറ്റിയിരുന്നെന്നും ഷെറിന്റെ സഹ​തടവുകാരി വെളിപ്പെടുത്തി. തൃശൂർ സ്വദേശിനിയായ എം.എസ് സുനിതയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് 2013-15 കാലയളവിൽ സുനിത അട്ടക്കുളങ്ങര വനിത ജയിലിൽ എത്തിയത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലാണ് സുനിത കഴിഞ്ഞിരുന്നത്. ചില രാഷ്‌ട്രീയക്കാരുമായും ഉദ്യോ​ഗസ്ഥരുമായും ഷെറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സുനിത വെളിപ്പെടുത്തുന്നു. രണ്ട് വർഷത്തെ ശിക്ഷയ്‌ക്ക് ശേഷം ജാമ്യം നേടിയാണ് സുനിത പുറത്തിറങ്ങിയത്. ജയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വിവരാവകാശ നിയമപ്രകാരം ഷെറിന് എത്ര ദിവസം പരോൾ ലഭിച്ചു എന്നതടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒന്നോ രണ്ടോ ജീവനക്കാർ ഒഴിച്ച് ബാക്കിയെല്ലാവരും ഷെറിനിൽ നിന്ന് മാസപ്പടി കൈപ്പറ്റിയിരുന്നുവെന്നും അന്നത്തെ ജയിൽ സൂപ്രണ്ടിന് ഐപാഡും എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും സുനിത പറഞ്ഞു. ഷെറിൻ എന്ത് ആവശ്യപ്പെടുന്നുവോ അത് ജയിലിനുള്ളിൽ എത്തിച്ചിരുന്നു. മൂന്ന് നേരവും പുറത്ത് നിന്നുള്ള ഭക്ഷണം ആയിരുന്നു. ഷെറിന് സഹായിയായി ഒരു തടവുകാരിയേയും ഏർപ്പെടുത്തിയിരുന്നു. ഇവരാണ് ഷെറിന്റെ വസ്ത്രങ്ങൾ അലക്കിക്കൊടുത്തിരുന്നത്. തലയണയടക്കം നൽകി സുഖ നിദ്രയ്‌ക്കുള്ള സൗകര്യവും നൽകിയിട്ടുണ്ട്. ജയിലിനുള്ളിൽ ധരിക്കുന്നത് വീട്ടിൽ നിന്നും കൊണ്ടുവന്ന വെള്ള വസ്ത്രങ്ങളായിരുന്നെന്നും സുനിത വെളിപ്പെടുത്തി എന്നാണ് റിപ്പോർട്ട്.

ബക്കറ്റ് നിറച്ച് സൗന്ദര്യവർദ്ധക വസ്തുക്കളും ഷെറിനുണ്ടായിയുന്നു. ഇതിൽ മുഖം നോക്കാൻ കണ്ണാടി, ലിപ്സ്റ്റിക്ക്, ഐലൈനർ തുടങ്ങി സർവ്വതുമുണ്ട്. സൂപ്രണ്ടിന്റെ പേരക്കുട്ടി കണക്കെയുള്ള ലാളനയാണ് ഷെറിന് ലഭിച്ചതെന്നും സുനിത വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സുനിത വെളിപ്പെടുത്തി.

സാധാരണ വനിത ജയിലിൽ പുരുഷ ഉദ്യോ​ഗസ്ഥർ ഉണ്ടാകാറില്ല. ഇവിടെ ഷെറിനെ കാണാൻ ജയിൽ ഡിഐജി അടിക്കടി എത്തിയിരുന്നു. ജയിൽ ചട്ടപ്രകാരം തടവുകാരെ വൈകുന്നേരം 5.30 ന് സെല്ലിൽ അടച്ചാൽ പിന്നെ രാവിലെ മാത്രമേ പുറത്തിറക്കൂ. എന്നാൽ രാത്രി എഴ് മണിയോടെ പുറത്തിറങ്ങുന്ന ഷെറിൻ രണ്ട് മണിക്കൂർ കഴി‍ഞ്ഞാണ് തിരിച്ചെത്താറ്. ഇത് സംബന്ധിച്ച് ക്ലംപ്ലയ്ന്റ് ബോക്സിൽ പരാതി എഴുതിയിട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഒരു തവണ ജയിൽ ജീവനക്കാരൻ വഴി ഇക്കാര്യങ്ങൾ മാധ്യമത്തിന് നൽകിയതിന് ജയിൽ ഡിഐജി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുനിത പറഞ്ഞു. ഒരിക്കലും പുറം ലോകം കാണില്ലെന്ന് പറഞ്ഞായിരുന്നു ഡിഐജി ഭീഷണിപ്പെടുത്തിയത്.

ഒരു തവണ ജയിൽ സന്ദർശിച്ച ജില്ലാ ജഡ്ജിയോട് താൻ ഇക്കാര്യങ്ങൾ നേരിട്ട് പറഞ്ഞിരുന്നുവെന്നും സുനിത വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഷെറിൻ കൈവശം വെച്ചിരുന്ന മൊബൈൽ ഫോൺ അടക്കം എല്ലാം വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നുവെന്നും സുനിത കൂട്ടിച്ചേർത്തു. തടവുകാരികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചും സുനിത സംസാരിച്ചിരുന്നു.

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിൽ ഇളവ് നൽകിയതിനു പിന്നിൽ സർക്കാർ ഇടപെടലുണ്ടായിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാർ അടക്കം രണ്ട് മന്ത്രിമാർക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കിയും ആരോപിച്ചിരുന്നു. ഷെറിന് ശിക്ഷായിളവ് നൽകിയതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണ് നടക്കുന്നത്. അവരുടെ ശിക്ഷായിളവിനുള്ള ഫയൽ ജയിൽ ഉപദേശക സമിതിയുടെ മുമ്പാകെ വന്നപ്പോൾ പെട്ടെന്നാണ് തീരുമാനം വന്നത്. മന്ത്രിസഭയുടെയും അനുകൂല തീരുമാനം ഉണ്ടായി. ഇതിലെല്ലാം ദുരൂഹതയുണ്ട്. ചാനൽ ചർച്ചക്കിടെ കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഇതിന് പിന്നിൽ ഗണേഷ് കുമാറിനും പേഴ്സണൽ സ്റ്റാഫിനും പങ്കുണ്ടെന്ന് ആരോപിച്ചിട്ട് നാലു ദിവസം കഴിഞ്ഞിട്ടും അതിൽ ഒരു പ്രതികരണം നടത്താൻ പോലും ഇവരാരും തയ്യാറായിട്ടില്ല.

അതിനർത്ഥം എന്തോക്കെയോ അവിടെ നടന്നിട്ടുണ്ട്. ഷെറിൻറെ ബെസ്റ്റിയായിരുന്നു ഗണേഷ് കുമാർ എന്ന് സംശയിക്കപ്പെടുന്ന തരത്തിലാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ജയിലിൽ കിടക്കുന്ന പ്രതിയുമായി മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്. അതിൽ പ്രതികരണം പോലും മന്ത്രി നടത്തിയില്ല.ഒരു മന്ത്രിക്ക് മാത്രമല്ല ഇതിൽ പങ്ക്. ഷെറിൻറെ ബെസ്റ്റിയാണ് ഗണേഷ് കുമാറെങ്കിൽ ലോക്കൽ ഗാർഡിയനായ മറ്റൊരു മന്ത്രിയും ചെങ്ങന്നൂരിൽ തന്നെയുണ്ട്.

ഇങ്ങനെ രണ്ട് മന്ത്രിമാരുടെ ഇടപെടലാണ് ഷെറിന് അതിവേഗ ശിക്ഷായിളവ് കിട്ടുന്നതിന് കാരണമായതെന്നും അബിൻ വർക്കി ആരോപിച്ചു.ജയിൽ ചട്ടങ്ങൾ ലംഘിച്ചതാണോ ഷെറിൻറെ മാനസാന്തരമെന്നും സർക്കാർ ഇതിൽ കൃത്യമായ വിശദീകരണം തരണമെന്നും അബിൻ വർക്കി പറഞ്ഞു.

ഷെറിന് മോചനം നൽകാനുള്ള തീരുമാനം അർഹരായ നിരവധിപേരെ പിന്തള്ളി. അതിവേ​ഗത്തിലാണ് ഷെറിന് അസാധാരണ പരി​ഗണന ലഭിച്ചത്. ഷെറിനെ മോചിപ്പിക്കാൻ ആഭ്യന്തര വകുപ്പ് വഴിയാണ് ശുപാർശ ന്ത്രിസഭയിലെത്തിയത്. വെറും ഒരു മാസം കൊണ്ടാണ് തീരുമാനമുണ്ടായത്. 20 വർഷം ശിക്ഷയനുഭവിച്ച രോഗികൾ പോലും ജയിലിൽ തുടരുന്ന സാഹചര്യത്തിലാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. വിവിധ ജയിലുകളിൽ ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിക്കാതെയാണ് ഇളവനുവദിക്കുന്നത്.

25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ഡിസംബറിൽ കണ്ണൂർ ജയിൽ ഉപദേശ സമിതി നൽകിയ ശുപാർശയിലാണ് അതിവേഗം മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. വിവിധ ജയിലുകളിൽ ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിക്കാതെയാണ് ഇളവ്

ജയിലുകളിൽ ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ തുടർച്ചയാണ് വിടുതലിലും കാണുന്നത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഷെറിന് മോചനം നൽകാനുള്ള തീരുമാനം. എന്നാൽ 25 ഉം 20 വർഷം വരെ തടവ് പൂർത്തിയായവർക്ക് ഈ ആനുകൂല്യം കിട്ടിയില്ല. ഇവരിൽ പലരും രോഗികളാണെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളും ഇതുവരെ പരിഗണിച്ചിട്ടില്ല.

പൂജപ്പുരം, വിയ്യൂർ, നെട്ടുകാൽത്തേരി ജയിലുകളിലെ ഉപദേശക സമിതികൾ രണ്ട് തവണയായി നൽകിയ ശുപാർശകളിൽ തീരുമാനം നീളുകയാണ്. ഷെറിൻറെ ഇളവിൽ തീരുമാനമെടുത്തതും അതിവേഗം. ഡിസംബറിലാണ് ഷെറിന് ഇളവ് നൽകണമെന്ന ശുപാർശ കണ്ണൂർ ജയിലിലെ ഉപദേശക സമിതി മുന്നോട്ട് വെക്കുന്നത്. ഒരു മാസം കൊണ്ട് ശുപാർശ ജയിൽ ഡിജിപി വഴി ആഭ്യന്തര വകുപ്പ് വഴി കാബിനറ്റിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോൾ പ്രതികളുടെ ജയിലിലെ പ്രവർത്തനങ്ങളും പരിഗണിക്കാറുണ്ട്.

എന്നാൽ താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരും ഉദ്യോഗസ്ഥരുമായും ഷെറിൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിട്ടും അതൊന്നും പരിഗണിച്ചില്ല. പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും ഷെറിന് അനുകൂലം. കാബിനറ്റിൽ ചില മന്ത്രിമാരുടെ പിന്തുണയും ഷെറിന് കിട്ടിയതായും സൂചനകളുണ്ട്. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകൻ ബാസിത് അലിയെ നല്ല നടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ബാസിത് അലിയെ മോചനത്തിനായി പരിഗണിച്ചില്ല. മന്ത്രിസഭാ യോഗ ശുപാർശ ഗവർണ്ണർ കൂടി അംഗീകരിച്ചാലേ ഷെറിന് പുറത്തിറങ്ങാനാകൂ.

കാരണവർ‌ വധക്കേസ്

അമേരിക്കയിൽനിന്നെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിലെ ഭാസ്കര കാരണവർ. വീട്ടിൽ മകനും മകന്റെ ഭാര്യയും പേരക്കുട്ടിയും മാത്രം. നേരത്തെ ഉറക്കമെണീക്കുന്ന പ്രകൃതക്കാരനാണ് ഭാസ്കര കാരണവർ. പതിവു സമയം കഴിഞ്ഞിട്ടും കാരണവർ ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്നാണു മരുമകൾ ഷെറിൻ മുറിയിലേക്കു ചെന്നത്. കാരണവർ കട്ടിലിൽ മരിച്ചു കിടക്കുന്നു. ചുറ്റും മുളക്പൊടി വിതറിയിട്ടുണ്ട്. ഷെറിൻ അയൽവീട്ടുകാരെ വിളിക്കാനോടി. പതിയെ നാടു മുഴുവൻ ആ വാർത്ത പരന്നു. ഭാസ്കര കാരണവർ വീടിനുള്ളിൽ കൊല്ലപ്പെട്ടു. കാരണവരുടെ മുറിയിൽനിന്ന് ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ, വാച്ചുകൾ, സ്വർണം കെട്ടിയ രുദ്രാക്ഷ മാല എന്നിവ കാണാതായിരുന്നു.

2009 നവംബർ എട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ എസ്‌ഐ: പി.കെ. രാജ്‌മോഹൻ റജിസ്‌റ്റർ ചെയ്ത കേസിൽ സിഐ: പി. ജ്യോതികുമാർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്‌ഥൻ. കാരണവേഴ്‌സ് വില്ലയിൽ നടന്ന കൊലപാതത്തിനു പിന്നിൽ വീട്ടിലുള്ള ആരുടെയോ സഹായം ലഭിച്ചുവെന്ന സംശയം പൊലീസിനുണ്ടായി. അങ്ങനെ ഒരു സംശയം പൊലീസിനുണ്ടാകാൻ കാരണം ചില സംഭവങ്ങളാണ്. സംഭവം നടന്നദിവസം കാരണവേഴ്സ് വില്ലയിലെ പട്ടി കുരയ്ക്കാത്തത് പൊലീസിൽ സംശയം ജനിപ്പിച്ചു. കാരണവരുടെ മുറിയിൽ വിതറിയ മുളകുപൊടി കൊലപാതകികൾ കൊണ്ടുവന്നതാണോ? പൊലീസ് അന്വേഷിച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന മുളകുപൊടി പൊലീസ് പരിശോധിച്ചു. കാരണവരുടെ മുറിയിൽ കണ്ട മുളകുപൊടി വീട്ടിൽനിന്ന് എടുത്ത പൊടിയാണെന്ന് പരിശോധനയിൽ ബോധ്യമായി. കൊലയാളി വീട്ടിനുള്ളിൽതന്നെയുണ്ടെന്നു പൊലീസ് ഏകദേശം ഉറപ്പിച്ചു.

പൊലീസിന്റെ സംശയം കാരണവരുടെ മരുമകൾ ഷെറിനിലായിരുന്നു. ഷെറിന്റെ പെരുമാറ്റവും മൊഴികളും പൊലീസിന്റെ സംശയം വർധിപ്പിച്ചു. ഭർത്താവിനോടുള്ള ഷെറിന്റെ ബന്ധത്തിലും പ്രശ്നങ്ങളുണ്ടായിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ഷെറിനെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഷെറിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ ലഭിച്ച ഫോൺ നമ്പരുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മറ്റു പ്രതികളായ ബാസിത് അലി, നിധിൻ, ഷാനു റഷീദ് എന്നിവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു.

ഭാസ്‌കര കാരണവരുടെ കൊലപാതകം ആസൂത്രിതമായിരുന്നു. ദിവസങ്ങൾനീണ്ട തയാറെടുപ്പുകൾക്കുശേഷമാണ് കൊലപാതകികൾ കൃത്യം നിർവഹിച്ചത്. പക്ഷേ, കൊലപാതകികളുടെ ഭാഗത്തുണ്ടായ ചില പിഴവുകൾ പൊലീസിനു പിടിവള്ളിയായി. പ്രതികളെപ്പറ്റി ഏറ്റവും വേഗത്തിൽ നിഗമനങ്ങളിലെത്താനും അതുവഴി അറസ്‌റ്റിലേക്കു നയിക്കാനും പൊലീസിനെ സഹായിച്ചത് ഇത്തരം നിർണായക തെളിവുകളായിരുന്നു.

മോഷണത്തിനാണ് കൊലപാതകം നടത്തിയതെന്നു പൊലീസിനെ വിശ്വസിപ്പിക്കാനാണ് കൃത്യത്തിനുശേഷം ഭാസ്‌കര കാരണവരുടെ മുറിയിലും ഹാളിലും മുളകുപൊടി വിതറിയത്. പൊലീസിനെ ഏതാനും മണിക്കൂർ ആശയക്കുഴപ്പത്തിലാക്കാൻ ഇതിലൂടെ കഴിഞ്ഞു. എന്നാൽ വിശദമായ പരിശോധനയിൽ കള്ളത്തരം പൊളിഞ്ഞു. മുറിയിൽ വിതറിയത് കാരണവേഴ്‌സ് വില്ലയിലെ അടുക്കളയിൽത്തന്നെയുള്ള മുളകുപൊടിയാണെന്നു വ്യക്തമായതോടെ കൃത്യം നടത്തിയതിനു പിന്നിൽ വീടുമായി അടുത്ത പരിചയമുള്ളവരാണെന്ന നിഗമനത്തിൽ പൊലീസ് എത്തി. ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽനിന്നു ലാപ്‌ടോപ്, ക്യാമറകൾ, മൊബൈൽ ഫോണുകൾ, സ്വർണ രുദ്രാക്ഷമാല എന്നിവയും പണവും മോഷ്ടാക്കൾ അപഹരിച്ചു എന്നാണ് പൊലീസിന്റെ ആദ്യ പരിശോധനയിൽ‌ മനസിലായത്. എന്നാൽ, കാരണവരുടെ കിടപ്പുമുറിയിലെ അലമാരിയിൽ ഉണ്ടായിരുന്ന 9,500 രൂപ കൃത്യം നടത്തിയവർ എടുക്കാതിരുന്നതും കവർച്ചാശ്രമത്തിന്റേതായ അടയാളങ്ങളൊന്നും ആ മുറിയിൽ ഇല്ലാതിരുന്നതും മോഷണം മാത്രമല്ല കൊലപാതകത്തിനു പിന്നിലെ ലക്ഷ്യമെന്നുമുള്ള സൂചന നൽകി.

വീട്ടിലേക്ക് എങ്ങനെ കൊലപാതകികളെത്തിയെന്ന് അന്വേഷിച്ച പൊലീസ് പരിസരവാസികളെ ചോദ്യം ചെയ്തു. നവംബർ ഏഴിനു രാത്രി ബാസിത് അലിയും ഷാനു റഷീദും മതിൽ ചാടി വരുന്നതും നിധിൻ റോഡിൽ നിൽക്കുന്നതും കണ്ടതായി അയൽവാസി മൊഴി നൽകിയത് നിർണായകമായി. മോഷ്ടാക്കളാണ് വധത്തിനു പിന്നിലെന്നാണ് ഷെറിൻ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. ഇക്കാര്യം പരമാവധി പ്രചരിപ്പിക്കാൻ ഷെറിൻ ശ്രമിച്ചത് പൊലീസിൽ സംശയത്തിനിടയാക്കി. മറ്റൊരു പ്രധാനവിവരം അയൽക്കാരിൽനിന്ന് പൊലീസിന് ലഭിച്ചു. രണ്ടു പൊമറേനിയൻ നായ്‌ക്കളെ ഭാസ്‌കര കാരണവർ വീട്ടിൽ വളർത്തിയിരുന്നു. വീടിനോടു ചേർന്നു പണിതിരുന്ന വിശാലമായ കൂട്ടിലാണ് ഇവയെ പാർപ്പിച്ചിരുന്നത്. സാധാരണ അപരിചിതരുടെ സാന്നിധ്യം വീട്ടുവളപ്പിലുണ്ടായാലുടൻ ഇവ കുരച്ചു ബഹളം വയ്‌ക്കുമായിരുന്നു. വീട്ടുകാർ ഇറങ്ങി വരുന്നതു വരെ കുര നിർത്താത്ത സ്വഭാവം ഉള്ളവയായിരുന്നു ഈ നായ്‌ക്കൾ.

എന്നാൽ, സംഭവ ദിവസം നായ്‌ക്കൾ ഒരു ശബ്‌ദവും പുറപ്പെടുവിക്കാത്തത് വീടിനോട് അടുത്ത ബന്ധമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കി. മുൻവശത്തെ കതകുവഴിയാണു സംഘം അകത്തുകടന്നതെന്നു ബോധ്യപ്പെടുത്താൻ കതകു തുറന്നിട്ടിരുന്നു. എന്നാൽ, നല്ല ഉറപ്പുള്ള തടിയിലും വിലകൂടിയ പൂട്ടിലും സംരക്ഷിക്കപ്പെട്ട ഈ കതകു ബലംപ്രയോഗിച്ചു തുറന്നതായിട്ടുള്ള സൂചനയൊന്നുമില്ലായിരുന്നു. വീടിന്റെ മുകൾ നിലയിലെ രണ്ടു ചില്ലുജനാലകൾ തുറന്നിട്ട നിലയിലുമായിരുന്നു. ഇതെല്ലാം അന്വേഷണം ഷെറിനിൽ കേന്ദ്രീകരിക്കാൻ കാരണമായി. ഷെറിനും കാരണവരും തമ്മിൽ പലപ്പോഴും വാക്കുതർക്കം ഉണ്ടായതായുള്ള മൊഴികളും പൊലീസ് ശ്രദ്ധിച്ചു. തലേദിവസം ഷെറിൻ ഉറക്കഗുളികകൾ വാങ്ങിനൽകാൻ ആവശ്യപ്പെട്ടതായുള്ള ഡ്രൈവറുടെ മൊഴികളും നിർണായകമായി.

കാരണവേഴ്‌സ് വില്ലയിലെ താഴത്തെ നിലയിലെ സ്വീകരണ മുറിയോടു ചേർന്നാണു ഭാസ്‌കര കാരണവരുടെ കിടപ്പറ. ഷെറിൻ കിടന്നിരുന്നതു ഭർതൃപിതാവിന്റെ കിടപ്പറയോടു ചേർന്ന മുറിയിൽ. എന്നാൽ, ഭർത്താവ് ബിനു മാസങ്ങളായി കിടന്നിരുന്നതു വീട്ടിലെ മുകൾനിലയിലെ കിടപ്പുമുറിയിൽ. താഴത്തെ മുറിയിൽ പൊടി ശല്യമുണ്ടെന്ന കാരണം പറഞ്ഞാണു ഷെറിൻ മുകൾ നിലയിലെ കിടപ്പുമുറിയിലേക്കു ഭർത്താവ് ബിനുവിനെ സ്‌ഥിരമായി അയച്ചിരുന്നത്. ചോദ്യം ചെയ്തപ്പോൾ ഷെറിൻ എല്ലാം ഏറ്റുപറഞ്ഞു.

ബിനുവും ഷെറിനുമായുള്ള വിവാഹം 2001ലായിരുന്നു. പത്തനാപുരത്തെ സാധാരണ കുടുംബത്തിലെ അംഗമായ ഷെറിനു ബിനുവുമായുള്ള വിവാഹം സമൂഹത്തിന്റെ ഉയർന്ന ശ്രേണിയിലേക്കുള്ള സ്‌ഥാനക്കയറ്റമായിരുന്നു. വിവാഹശേഷം ഇവർ ന്യൂയോർക്കിലേക്കു പോയി. ഷെറിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ടു ഭാസ്‌കര കാരണവർക്ക് ആദ്യം മുതലേ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്നു മൂന്നു വർഷം മുൻപു മകനെയും മരുമകളെയും ഭാസ്‌കര കാരണവർ നാട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. നാട്ടിലെത്തിയ ശേഷം, വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചെറുപ്പക്കാരന്റെ കുടുംബവുമായി ഷെറിൻ അടുത്തു. ഇയാൾക്കു കാരണവരുടെ വീട്ടിൽ സർവ സ്വാതന്ത്യ്രമുണ്ടായിരുന്നതു ഷെറിൻ സ്വകാര്യ ലാഭത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

അടുക്കള വാതിൽ വഴിയായിരിക്കാം കൊല നടത്തിയവർ അകത്തുകടന്നതെന്ന നിഗമനത്തിലാണു പൊലീസെത്തിയത്. അടുക്കളയ്‌ക്കു രണ്ടു വാതിലാണുള്ളത്. പുറത്തു ഗ്രില്ലിന്റെ വാതിലും അകത്തു തടികൊണ്ടുള്ള സാധാരണ വാതിലും. ഇതിൽ ഗ്രിൽ വാതിൽ മാത്രമാണു താഴിട്ടു പൂട്ടാറുണ്ടായിരുന്നത്. ഗ്രിൽ പൂട്ടാൻ ഉപയോഗിക്കുന്ന താഴിന്റെ ഒരു താക്കോൽ ഷെറിൻ നേരത്തേതന്നെ കൈവശപ്പെടുത്തിയിരുന്നു. രണ്ടാമത്തെ താക്കോലാണു വീട്ടിൽ താമസിച്ചിരുന്ന വേലക്കാരിയുടെ കൈവശമുണ്ടായിരുന്നത്. രാത്രി ഗ്രിൽ താഴിട്ടു പൂട്ടി വേലക്കാരി മുകളിലത്തെ നിലയിലാണ് ഉറങ്ങുക പതിവ്. ഷെറിന്റെ സഹായത്തോടെ അടുക്കളയിലൂടെ അകത്തു കടന്ന സംഘം കാരണവരെ കൊലപ്പെടുത്തുകയായിരുന്നു.

എന്താണു കാരണവരുടെ വധത്തിനു പിന്നിൽ? ഷെറിനെ ഇതിനുപ്രേരിപ്പിച്ചതെന്താണ്? പൊലീസ് അന്വേഷിച്ചു. ‘എന്റെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണി ആയതിനാൽ ആധാരം റദ്ദാക്കുന്നു.’–ഈ വാക്കുകളാണ് കാരണവരുടെ ജീവനെടുത്തത്. ഇളയ മകൻ ബിനു, ഭാര്യ ഷെറിൻ, ചെറുമകൾ ഐശ്വര്യ എന്നിവരുടെ പേരിലാണു കാരണവർ താമസിക്കുന്ന വീടും അതുൾപ്പെട്ട വസ്‌തുവും എഴുതിവച്ചിരുന്നത്. ഇതു സംബന്ധിച്ച് 2008 ഡിസംബർ നാലിനു ധനനിശ്‌ചയ ആധാരവും റജിസ്‌റ്റർ ചെയ്‌തിരുന്നു. അടുത്ത വർഷം ജനുവരി 24ന് അതു റദ്ദാക്കി. അതിനു കാരണമായാണു തനിക്ക് ജീവനു ഭീഷണി ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. എഴുതിവച്ച സ്വത്തുകൾ റദ്ദാക്കിയതോടെ ഷെറിന്റെ പക വർധിച്ചു.

ഷെറിനിൽനിന്ന് തനിക്ക് അപകടം സംഭവിച്ചേക്കുമെന്ന സൂചന നേരത്തേ കാരണവർ നൽകിയിരുന്നെന്നു കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം സഹോദരി രാധാമണി പൊലീസിനു മൊഴി നൽകിയിരുന്നു. ആദ്യം പൊലീസ് അതു കാര്യമായി എടുത്തിരുന്നില്ല. കുറ്റപത്രം സമർപ്പിക്കുന്നതിന് ഏതാനും ദിവസം മുൻപു ബാങ്കു ലോക്കർ തുറന്നപ്പോൾ ലഭിച്ച ആധാരം പരിശോധിച്ചപ്പോൾ കിട്ടിയ കുറിപ്പ് രാധാമണിയുടെ മൊഴിക്കു സാധൂകരണമായി. അതു കുറ്റപത്രത്തിലെ പ്രധാന തെളിവാക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

ക്വട്ടേഷൻ സംഘത്തെക്കുറിച്ച് സൂചന

ഷെറിന്റെ സഹായത്തോടെ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരുടെ താവളത്തെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചതു ഷെറിന്റെ മൊബൈൽ ഫോണിൽനിന്നും കംപ്യൂട്ടറിലെ ചാറ്റിൽനിന്നുമാണ്. സോഷ്യൽ മീഡിയ സൈറ്റായ ഓർക്കൂട്ടിൽ ഏറെസമയം ചെലവിടാറുള്ള ഷെറിന്റെ കംപ്യൂട്ടറിൽ നിന്നാണ് കാരണവരെ കൊലപ്പെടുത്താൻ സഹായിച്ച മൂന്നുപേരുടെ ഫോട്ടോകൾ ലഭിച്ചത്. ഇവരുടെ മൊബൈൽ പിന്തുടർന്നു പൊലീസ് മംഗലാപുരത്തേക്ക് പോയി.

കൂടുതൽ തെളിവുകൾ പൊലീസിന് കിട്ടികൊണ്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്ന ഇടപാടുകൾ നടത്തുന്ന ഈ സംഘവുമായി ഷെറിൻ വൻ ബിസിനസ് നടത്തിയിരുന്നതായും ഓർക്കൂട്ട് കൂട്ടായ്‌മയിലൂടെയാണു ഷെറിൻ ഇവരുമായി ബന്ധത്തിലാകുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു.

ബെംഗളൂരു നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ പ്രതികൾ താമസിക്കുന്നതായി വിവരം ലഭിച്ച അന്വേഷണസംഘം അവിടെ എത്തുന്നതിനു 10 മിനിറ്റുകൾക്കു മുൻപു പ്രതികൾ ഗോവയിലേക്കു കടന്നുകളഞ്ഞു. തുടർന്ന് 2009 ഡിസംബർ 13നു കർണാടകയിലെ കൊല്ലൂരിൽനിന്നു പ്രതികളായ കോട്ടയം കുറിച്ചി സ്വദേശി ബാസിത് അലി (ബിബീഷ് ബാബു-24), എറണാകുളം കളമശേരി സ്വദേശി നിധിൻ (ഉണ്ണി -25), കുറ്റിക്കാട്ടുകര പാതാളം സ്വദേശി ഷാനു റഷീദ് (21) എന്നിവരെ അറസ്‌റ്റു ചെയ്തു. 2010 ഫെബ്രുവരി ഏഴിനു കുറ്റപത്രം നൽകി.

കൊലപാതകം, ഗൂഢാലോചന, കുറ്റംചെയ്യാൻ പ്രേരിപ്പിക്കൽ, തെളിവു നശിപ്പിക്കൽ, കവർച്ച നടത്തുന്നിനിടെ ദേഹോപദ്രവം എന്നീ കുറ്റങ്ങൾ പ്രതികൾ ചെയ്തുവെന്നാണു കോടതിയുടെ കണ്ടെത്തൽ. ബാസിത് അലി, നിധിൻ, ഷാനു റഷീദ് എന്നിവർക്കെതിരെ ഭവന കയ്യേറ്റ കുറ്റവും ചുമത്തി.

ഭാസ്‌കര കാരണവർ വധക്കേസിലെ ഒന്നാം പ്രതി ഷെറിനെതിരായ പ്രധാന സാക്ഷികളിലൊരാൾ സീരിയൽ – ചലച്ചിത്ര നടൻ ഷിജു അബ്‌ദുൽ റഷീദായിരുന്നു. പ്രോട്ടീൻ പൗഡറും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുമുൾപ്പെടെ അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ ഓൺലൈൻ പർച്ചേസിലൂടെ ഷെറിൻ ഷിജുവിനു സമ്മാനിച്ചിരുന്നു. പ്രണയം തകർന്നതോടെ ഈ തുകയ്‌ക്കുവേണ്ടി ഷെറിൻ സമ്മർദം തുടങ്ങി. അതു പിന്നീടു ഭീഷണിക്കു വഴിമാറിയെന്നു കുറ്റപത്രത്തിൽ പറയുന്നു.

ഷിജുവിനോടുള്ള ആരാധനയിൽ തുടങ്ങിയ പ്രണയം നിലനിർത്താൻ ഷെറിൻ പറഞ്ഞ വാക്കുകളിലെ കള്ളം പൊളിഞ്ഞു തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ അകന്നത്. വിവാഹിതയാണെങ്കിലും കുട്ടികളില്ലെന്നായിരുന്നു ഷെറിൻ പറഞ്ഞിരുന്നത്. അതു ശരിയല്ലെന്നു തെളിഞ്ഞതോടെ അകൽച്ച പൂർത്തിയായി. ഷിജു മൊബൈൽ നമ്പർ മാറ്റിക്കൊണ്ടിരുന്നു. ഷെറിൻ അതൊക്കെ കണ്ടുപിടിച്ചു. ഒടുവിൽ, ഒഴിയുകയാണെന്നു ഷിജു വെട്ടിത്തുറന്നു പറഞ്ഞപ്പോൾ പാരിതോഷികങ്ങളുടെ വില ചോദിച്ചു ഷെറിൻ ഭീഷണിപ്പെടുത്തിയെന്നും ഷിജു പൊലീസിനു മൊഴി നൽകി.

ഭർത്താവ് ബിനു കാരണവരുമായുള്ള ഷെറിന്റെ ജീവിതം തൃപ്‌തികരമായിരുന്നില്ല എന്നതും നടൻ ഷിജു എ. റഷീദിനൊപ്പമുള്ള ഷെറിന്റെ ഫോട്ടോകളും പണം തട്ടിയെടുക്കാൻ ഭാസ്കരകാരണവരുടെ കൃത്രിമ ഒപ്പ് ഷെറിൻ രേഖപ്പെടുത്തിയെന്നതും കോടതി കണക്കിലെടുത്തു. ഷെറിന്റെയും ബാസിത് അലിയുടെയും ഫോൺ കോൾ വിവരങ്ങൾ, മുറിക്കുള്ളിൽ മുളകു പൊടി വാരി വിതറി തെളിവു നശിപ്പിക്കാൻ ശ്രമിച്ചത് തുടങ്ങിയവയും വിലപ്പെട്ട തെളിവുകളായി. ഷെറിന്റെ ഡയറിയിൽ ബാസിതിന്റെയും സുഹൃത്ത് രഞ്‌ജിത്തിന്റെയും ഫോൺ നമ്പർ കാണപ്പെട്ടതും കാരണവർ ബാങ്കിൽ നിക്ഷേപിച്ചിരുന്ന 14 ലക്ഷം രൂപയുടെ ഫിക്‌സിഡ് ഡിപ്പോസിറ്റ് അക്കൗണ്ടിൽ നിന്നു ഷെറിന്റെ പേര് ഒഴിവാക്കിയത് ഷെറിന്റെ ശത്രുക വർധിപ്പിച്ചെന്ന വാദവും കോടതി പരിഗണിച്ചു.

ഏഴ് എന്ന അക്കവും കാരണവർ കൊലപാതകവും

ഭാസ്‌കര കാരണവർ കൊലപാതക കേസിൽ ഏഴ് എന്ന സംഖ്യയ്‌ക്ക് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. 2009 നവംബർ ഏഴിനു രാത്രിയാണു ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. 2010 ഫെബ്രുവരി ഏഴിനു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഏപ്രിൽ ഏഴിനു അഡീഷനൽ സെഷൻസ് അതിവേഗ കോടതി ജഡ്‌ജി എൻ. അനിൽകുമാർ മുൻപാകെ കേസിന്റെ വിചാരണ ആരംഭിച്ചു.

കൊലപാതകം നടന്ന് ഏഴാംമാസം കേസിലെ പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തി. പ്രതികൾക്കു ജീവപര്യന്തം ശിക്ഷയാണ് അഡീഷനൽ സെഷൻസ് അതിവേഗ കോടതി ജഡ്‌ജി വിധിച്ചത്. ശിക്ഷ അനുഭവിക്കുന്ന ഷെറിനെക്കുറിച്ച് ജയിലിലും വിവാദങ്ങളുണ്ടായി. ജോലി ചെയ്യാൻ കൂട്ടാക്കുന്നില്ലെന്നായിരുന്നു ആദ്യവിവാദം. ചട്ടങ്ങൾ മറികടന്നു പരോൾ ലഭിക്കുന്നതായും ആരോപണം ഉയർന്നു.

ശിക്ഷയ്ക്കെതിരെ 2018 ൽ സുപ്രീംകോടതിയിലും

ഭാസ്കര കാരണവർ കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ 2018 ൽ സുപ്രീംകോടതിയിലും ഷെറിൻ ഹർജി നൽകിയിരുന്നു. കാരണവരുടെ മരുമകളും ഒന്നാം പ്രതിയുമായ ഷെറിൻ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ജഡ്ജിമാരായ എസ്.എ.ബോബ്ഡെ, എൽ.നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിചാരണയ്ക്കിടെ ക്രിമിനൽ നടപടി ചട്ടത്തിലെ 313ാം വകുപ്പു പ്രകാരം നൽകിയ പ്രസ്താവനയിൽ, കൊലപാതകത്തിൽ തനിക്കുള്ള പങ്ക് ഹർജിക്കാരി സമ്മതിച്ച സ്ഥിതിക്ക് മറ്റു വശങ്ങൾ പരിശോധിക്കുന്നതിന് ഇടപെടാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഹർജിക്കാരിക്കുവേണ്ടി ഹരേൻ പി.റാവലും അഡോൾഫ് മാത്യുവും ഹാജരായി.

രണ്ടാം പ്രതി ബാസിത് അലിയെ വിളിച്ചുവരുത്തിയതു താനാണെന്നും ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു അതെന്നുമാണു ഷെറിൻ വിചാരണക്കോടതിയിലെ പ്രസ്താവനയിൽ പറഞ്ഞത്. ബാസിത് അലിയാണു മറ്റു പ്രതികളെ വിളിച്ചുവരുത്തിയത്. താൻ കിടപ്പുമുറിയിലേക്കു പോയശേഷം, തങ്ങൾ വന്നകാര്യം ആരോടും പറയരുതെന്ന് അവർ ഫോണിലൂടെ രണ്ടുതവണ ആവശ്യപ്പെട്ടെന്നും ഭർതൃപിതാവ് മരിച്ച വിവരം പിറ്റേന്നു രാവിലെയാണ് അറിഞ്ഞതെന്നും ഷെറിൻ പറഞ്ഞിരുന്നു. എന്നാൽ ഇത് സുപ്രീംകോടതി മുഖവിലയ്ക്കെടുത്തില്ല.നാലു പ്രതികൾക്കും വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഷെറിൻ മാത്രമാണു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

Related Articles

Back to top button