അനെർട്ട് എക്സിബിഷൻ സ്റ്റാൾ ടെണ്ടറിൽ വൻ ക്രമക്കേട്….മുൻവർഷത്തെ അപേക്ഷിച്ച് ചെലവ് പത്ത് മടങ്ങ് കൂടുതൽ…
സംസ്ഥാന സർക്കാരിൻ്റെ എൻ്റെ കേരളം പരിപാടിയുടെ ഭാഗമായി 2023ലെ അനെർട്ട് എക്സിബിഷൻ സ്റ്റാൾ ടെണ്ടറിൽ ക്രമക്കേടെന്ന് രേഖകൾ. ടെണ്ടർ ക്ഷണിച്ചത് പരിപാടി നടക്കുന്നതിൻ്റെ വെറും രണ്ട് ദിവസം മുമ്പാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ടെണ്ടർ കിട്ടിയ കമ്പനിയുടെ അഡ്രസ്സിൽ അങ്ങനെയൊരു സ്ഥാപനമില്ല. 100 സ്ക്വയർ ഫീറ്റ് സ്റ്റാൾ നിർമിക്കാൻ ചെലവായത് തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ ചെലവായതിൻ്റെ പത്ത് മടങ്ങ് കൂടുതലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
2022ൽ സംസ്ഥാനത്ത് ആകെ ചെലവായത് 5.55 ലക്ഷം രൂപ മാത്രമായിരുന്നു. 2023 ൽ 43 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 100 സ്ക്വയർഫീറ്റ് കെട്ടിടം നിർമിക്കാൻ പോലും രണ്ട് ലക്ഷം മതി എന്നിരിക്കെയാണ് 2.75 ലക്ഷം രൂപ ഫ്ലക്സ് വെച്ചുള്ള സ്റ്റാളിന് വേണ്ടി അനർട്ട് ചെലവഴിച്ചത്. ഇത് സംബന്ധിച്ച നിയമസഭാ രേഖകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.