ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെ എന്ന് സ്വാ​ഗതപ്രാസം​ഗികൻ….ബോംബല്ലേ പൊട്ടിച്ചത്, കൊടും ചതിയെന്ന് പിണറായി വിജയൻ…

രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന് ആശംസിച്ച സ്വാ​ഗത പ്രാസം​ഗികന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും ചതിയായിപ്പോയെന്നും ഒരു പാർട്ടിക്ക് തന്നെ ക്ഷീണമുണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. തിരുവനന്തപുരത്ത് നോർക്ക സംഘടിപ്പിച്ച വ്യവസായി രവി പിളളയെ ആദരിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

ചടങ്ങിൽ ഡോ. ജി രാജ്മോഹനായിരുന്നു സ്വാ​ഗത പ്രാസം​ഗികൻ. കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവ​ഗണിക്കാൻ പറ്റാത്ത നേതാവാണ് രമേശ് ചെന്നിത്തല. അടുത്ത മുഖ്യമന്ത്രിയായി ചെന്നിത്തല വരട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്. വി ഡി സതീശൻ സാറ് പോയോ…, ഇത് രാഷ്ട്രീയ ചർച്ചകൾക്കുളള വേദിയൊന്നുമല്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ചാലകശക്തിയാണ് രമേശ് ചെന്നിത്തല എന്നും ജി രാജ്മോഹൻ പറഞ്ഞു. സ്വാ​ഗത പ്രാസം​ഗികന്റെ ആശംസ വേദിയിലാകെ ചിരി പടർത്തി.

ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രി രാജ്മോഹന് മറുപടി നൽകുകയും ചെയ്തു. സ്വാ​ഗത പ്രാസം​ഗികനുളള മുഖ്യമന്ത്രിയുടെ മറുപടി സദസ്സിലാകെ ചിരിപടർത്തി. സ്വാ​ഗത പ്രാസം​ഗികനെ പറ്റി ഒരു വാക്ക് പറഞ്ഞില്ലെങ്കിൽ അത് മോശമായിപ്പോകുമെന്ന് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം പറയുന്നില്ലെന്ന് പറഞ്ഞു. പക്ഷേ, ഒരു പാർട്ടിക്ക് അകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാൻ ആ പാർട്ടിക്കാരൻ അല്ലെന്ന് നിങ്ങൾക്ക് എല്ലാവർ‌ക്കും അറിയാമല്ലോ?, ഇങ്ങനെയൊരു കൊടുംചതി ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്നേഹപൂർവം ഉപദേശിക്കാനുളളത്, എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Related Articles

Back to top button