കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 മുടക്കി…ബംപറടിച്ചത് സർക്കാരിന്!
ഇത്തവണയും ക്രിസ്മസ് – പുതുവത്സര ബംപറിലൂടെ ഭാഗ്യം തേടിയെടുത്തുമെന്ന് പ്രതീക്ഷിച്ചത് നിരവധി പേരാണ്. കാത്തുകാത്തിരുന്ന നറുക്കെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോൾ 20 കോടിയുടെ ബംപറടിച്ചത് XD 387132 എന്ന നമ്പറിനാണ്. എന്നാൽ സർക്കാർ ഖജനാവിനാണ് ക്രിസ്മസ് – പുതുവത്സര ബംപറടിച്ചതെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാകില്ല. കാരണം കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 രൂപ മുടക്കി ടിക്കറ്റെടുത്തത് 47 ലക്ഷം പേരാണ്. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്.
അൻപത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ നാല്പത്തി ഏഴ് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്പത് (47,65,650) ടിക്കറ്റുകളും വിറ്റുപോയി. ഒരു ടിക്കറ്റ് വില 400 രൂപയാണ്. ഇതിലൂടെ 190 കോടിയിൽ അധികമാണ് സംസ്ഥാന സർക്കാരിന് വിറ്റുവരവ് (1,906,260,000). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും.
എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് എത്തുക. കഴിഞ്ഞ വർഷം (2023 – 24) നാൽപ്പത്തി അഞ്ച് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്പത് ടിക്കറ്റുകളാണ് വിറ്റിരുന്നത്. ഇക്കുറി 2 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിൽക്കാനായി എന്നതും സർക്കാരിന് നേട്ടം തന്നെ. കഴിഞ്ഞ വർഷം 180 കോടിയിൽ അധികമായിരുന്നു വിറ്റുവരവ്. ഇക്കുറി ആ വകയിൽ തന്നെ 10 കോടി അധികം ഖജനാവിൽ എത്തും.