നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ…

നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്ത് പൊലീസ്. കണ്ണൂര്‍ ജില്ലയിലെ കപ്പകടവ് സ്വദേശി കപില്‍ ദേവനെ (32) യാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറയില്‍ മിഷ്‌കാല്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന അബ്ദുറഹ്‌മാന്‍ എന്നയാളുടെ ആക്‌സസ് സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്നാം തിയ്യതിയാണ് സംഭവം നടന്നത്. തുടര്‍ന്ന് അബ്ദുറഹ്‌മാന്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടക്കവേ നഷ്ടപ്പെട്ട വാഹനം കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാള്‍ ഓടിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചെമ്പന്‍കുന്ന് എന്ന സ്ഥലത്തുവെച്ച് കപില്‍ ദേവനെ മോഷണം നടത്തിയ സ്‌കൂട്ടര്‍ സഹിതമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം, ടൗണ്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ കപില്‍ ദേവന്റെ പേരില്‍ കേസുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ചതും വഴിയാത്രക്കാരിയുടെ മൂന്നര പവന്‍ വരുന്ന മാല പിടിച്ചുപറിച്ചതും അടിപിടി കേസും ഉള്‍പ്പെടെയാണിത്.  ടൗണ്‍ സ്‌റ്റേഷനിലെ എസ്‌ഐമാരായ സൂരജ്, മനോജ് കുമാര്‍, എഎസ്‌ഐ റിനീഷ് കുമാര്‍, സീനിയര്‍ സവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, പ്രവീണ്‍ കുമാര്‍, ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജലീല്‍, രമേശന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കപില്‍ ദേവനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button