‘ഇങ്ങനെയും മോഷ്ടിക്കാമോ, മന്ത്രി അപ്പൂപ്പാ നടപടി വേണം’…സർക്കാർ സ്കൂളിലെ കുട്ടികളുടെ…
തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എൽപിഎസിലെ കുട്ടികൾ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത പച്ചക്കറികൾ മോഷണം പോയി. 30 ഓളം കോളിഫ്ലവറുകളും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്. തങ്ങളുടെ പച്ചക്കറി മോഷ്ടിച്ച കള്ളനെ പിടികൂടാൻ വിദ്യാഭ്യാസ മന്ത്രിയുടെ അടക്കം സഹായം തേടിയിരിക്കുകയാണ് സ്കൂളിലെ വിദ്യാർത്ഥികൾ. ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറി സ്വന്തം ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു കുട്ടികൾ കൃഷി ആരംഭിച്ചത്.
ആദ്യമായാണ് ഇത്തരത്തിലൊരു മോഷണമെന്നാണ് അധ്യാപിക പ്രതികരിക്കുന്നത്. വിളഞ്ഞു പാകമായി നിൽക്കുന്ന പച്ചക്കറികൾക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കിയാണ് വെള്ളിയാഴ്ച വിദ്യാർത്ഥികൾ വീടുകളിലേക്ക് പോയത്. എന്നാൽ തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ ഇവരെ ഞെട്ടിച്ച കാഴ്ചയായിരുന്നു കള്ളൻ കയറിയ പച്ചക്കറി തോട്ടം. നിലവിലേതിനേക്കാൾ വിപുലമായ രീതിയിൽ കൃഷി ചെയ്തപ്പോൾ പോലും ഇത്തരമൊരു മോഷണം നേരിടേണ്ടി വന്നില്ലെന്നാണ് സ്കൂളിലെ അധ്യാപിക വിശദമാക്കുന്നത്. സംസ്ഥാന കലോത്സവത്തിന്റെ വേദിയായിരുന്നു സ്കൂൾ.
ആ സമയത്ത് പച്ചകറിക്ക് നെറ്റ് അടക്കമുള്ള കെട്ടി സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ആഴ്ച 5 കോളിഫ്ലവറുകൾ കാണാതായിരുന്നു. അന്ന് പരാതിപ്പെടാതിരുന്നത് അഞ്ച് കോളിഫ്ലവർ കാണാതായതിൽ എന്ത് പരാതിപ്പെടാനെന്ന് കരുതിയായിരുന്നു. എന്നാൽ തിങ്കളാഴ്ച ഒന്നോ പോലും ഇല്ലാതെ പച്ചക്കറി മുഴുവനും മോഷണം പോയതോടെ സംരക്ഷിച്ചിരുന്ന കുട്ടികളും വലിയ നിരാശയിലാണുള്ളത്. രാവിലെ വിളവെടുക്കാൻ വന്നപ്പോ ഒന്നുമില്ല. വലിയ സങ്കടമായി എന്നാണ് എൽപി സ്കൂൾ വിദ്യാർത്ഥികൾ പ്രതികരിക്കുന്നത്.