‘ഈ അധമ കുല ജാതന്‍ അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും’.. സുരേഷ് ഗോപിക്കെതിരെ വിനായകൻ…
ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ഗോത്ര വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തെ പരിഹസിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്റെ പ്രതികരണം.
‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ
അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണമെന്നും ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകു’ മെന്നുമാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്. സുരേഷ്ഗോപിയുടെ കുടുംബ ചിത്രവും വിനായകൻ അടുത്തിടെ ഫ്ലാറ്റിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ആദിവാസി വിഭാഗത്തിന്റെ ഉന്നമനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പ്രസ്താവന പിൻവലിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ബിജെപിയുടെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രസ്താവന പിൻവലിക്കുന്നതായി സുരേഷ് ഗോപി അറിയിച്ചത്.