നാളെ രാവിലെ മുതൽ കേരള തീരത്ത് പ്രത്യേക ജാഗ്രത നിർദ്ദേശം… അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരത്ത്….
കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.കള്ളക്കടലിന്റെ ഭാഗമായി നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്‌നാട് തീരത്ത് രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.