‘ചെന്നിത്തല സമൂഹത്തിൽ ഉന്നതനാണ്, നായരാണ്, അതുകൊണ്ട് പരിപാടിക്ക് ക്ഷണിച്ചു’….

രമേശ് ചെന്നിത്തല സമൂഹത്തിലെ ഉന്നതനും, നായരുമായതുകൊണ്ടാണ് എൻഎസ്എസ് പരിപാടിക്ക് ക്ഷണിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തനിക്ക് ബോധ്യം ഉള്ളതുകൊണ്ടാണ് ചെന്നിത്തലയെ എൻഎസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത് എന്നും സുകുമാരൻ നായർ പറഞ്ഞു. അതിൽ രാഷ്ട്രീയമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ആരെങ്കിലും പറഞ്ഞാൽ കേൾക്കുന്ന ആളല്ല താൻ. തനിക്ക് ബോധ്യം ഉള്ള കാര്യമേ താൻ ചെയ്യുകയുളളൂ. മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ എന്നും തനിക്കും തൻ്റെ പ്രസ്ഥാനത്തിനും രാഷ്ട്രീയമില്ല എന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ചെന്നിത്തല മാത്രം മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ആൾ എന്ന് താൻ പറഞ്ഞിട്ടില്ല. എന്നാൽ രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട്. അതുകൊണ്ട് മറ്റുള്ളവർക്ക് മുഖ്യമന്ത്രിയാകാൻ യോഗ്യതയില്ല എന്ന് താൻ പറയില്ല എന്നും സുകുമാരൻ നായർ പറഞ്ഞു.

കോൺഗ്രസിനെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പരാമർശത്തിന് അയാൾ തോന്നിയത് പറയുന്നുവെന്നും അതിൽ താൻ പ്രതികരിക്കാനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എസ്എൻഡിപി എന്തെങ്കിലും പറഞ്ഞോട്ടെ എൻഎസ്എസ് ശാന്തമായി മുന്നോട്ടു പോകുകയാണെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു.

Related Articles

Back to top button