കൊലക്ക് ശേഷം പ്രതി മുറി കഴുകിയും പുകയിട്ടും ചോരയുടെ ഗന്ധം മാറ്റി….ബാഗിൽ മനുഷ്യ ശരീരമാണെന്ന് പറഞ്ഞതോടെ ഭയന്നുപോയി….
വയനാട് വെള്ളമുണ്ടയിലെ കൊലപാതകം തെളിയിക്കാൻ പൊലീസിനെ സഹായിച്ചത് അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ. നടുക്കുന്ന അനുഭവം വാഹന ഉടമയും ഓട്ടോ ഡ്രൈവറായ അസം സ്വദേശിയും വിവരിച്ചു. ബാഗിൽ പുറത്തേയ്ക്ക് എറിഞ്ഞത് എന്തെന്ന് ചോദിച്ചപ്പോൾ ഒരാളെ കൊന്ന് എറിഞ്ഞത് ആണെന്ന് പ്രതി മുഹമ്മദ് ആരിഫ് മറുപടി നൽകിയതെന്ന് അസം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സൊഹാബുദ്ദീൻ പറഞ്ഞു.
സൊഹാബുദ്ദീന്‍റെ ഇടപെടൽ കൊണ്ടാണ് പ്രതിയെ ഉടനെ തന്നെ പിടികൂടാനായത്. ബാഗ് പുറത്തേക്ക് എറിയുന്നത് കണ്ട സൊഹാബുദ്ദീന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്നാണ് ബാഗ് എറിഞ്ഞയാളോട് എന്താണ് എറിഞ്ഞതെന്ന് ചോദിച്ചത്. വെള്ളമുണ്ട സ്വദേശിയായ ഓട്ടോയുടെ ഉടമയായ റഷീദിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയുന്നത്.
സൊഹാബുദ്ദീൻ ഫോണിലൂടെ പറഞ്ഞ കാര്യം റഷീദ് പൊലീസിനെ അറിയിക്കുകയായിരുന്നു.മൃതദേഹം ഒളിപ്പിച്ച ബാഗ് എറിയുന്നത് കണ്ടുവെന്നും പ്രതി കൊലപാതകത്തെ കുറിച്ചും പറഞ്ഞുവെന്നും സൊഹാബുദ്ദീൻ പറഞ്ഞു. ബാഗിൽ മനുഷ്യ ശരീരമാണെന്ന് പറഞ്ഞതോടെ തനിക്ക് പേടിയായെന്നും സൊഹാബുദ്ദീൻ പറഞ്ഞു. നടന്ന സംഭവത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും സൊഹാബുദ്ദീൻ.
കൊലക്ക് ശേഷം പ്രതി മുറി കഴുകിയും പുകയിട്ടും ചോരയുടെ ഗന്ധം മാറ്റിയെന്ന് വെള്ളമുണ്ട സ്വദേശി റഷീദ് പറഞ്ഞു. ഓട്ടോ ഓടി പോയി വരുമ്പോള്‍ ഇങ്ങനെ ഒരാള്‍ പറഞ്ഞെന്ന വിവരം സൊഹാബുദ്ദീൻ തന്നെ ഫോണിൽ വിളിച്ച് പറയുകയായിരുന്നുവെന്നും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നും റഷീദ് പറഞ്ഞു. ബാഗിൽ മൃതദേഹമാണെന്ന് ഒരാള്‍ പറഞ്ഞെന്ന് മാത്രമാണ് സൊഹാബൂദ്ദീൻ പറഞ്ഞത്.