എലപ്പുള്ളി മദ്യനിർമാണശാല… ഊരാക്കുടുക്കിലായി സിപിഐ…

പാലക്കാട് എലപ്പുള്ളിയിലെ മദ്യ നിര്‍മാണ ശാലയ്ക്ക് നൽകിയ അനുമതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോൾ പ്രതിസന്ധിയിലായത് സിപിഐ. കാര്‍ഷിക മേഖലയ്ക്കടക്കം ദോഷകരമായ പദ്ധതിയെ തുടക്കത്തിലേ എതിര്‍ക്കാത്തതിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടിയിൽ വലിയ പ്രതിഷേധമുണ്ട്. സിപിഎമ്മിനേയും ഇടതുമുന്നണി നേതൃത്വത്തേയും എതിര്‍പ്പ് അറിയിക്കാൻ ബിനോയ് വിശ്വത്തിനും മന്ത്രിസഭാ യോഗത്തിൽ വിയോജിപ്പ് അറിയിക്കാൻ മന്ത്രിമാര്‍ക്കും സംസ്ഥാന എക്സിക്യുട്ടീവ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സിപിഐയുടെ എതിർപ്പ് നിസാരമാക്കി തള്ളുകയാണ് സിപിഎം.

എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണ ശാല അനുമതിയിൽ ആകെ പെട്ട അവസ്ഥയിലാണ് സിപിഐ. ഉൾപ്പാര്‍ട്ടി എതിര്‍പ്പ് കാരണം പദ്ധതിയെ അനുകൂലിക്കാനോ മുന്നണി മര്യാദയുടേയും സര്‍ക്കാര്‍ കെട്ടുറപ്പിന്‍റെയും പേരിൽ പ്രതിരോധിക്കാനും കഴിയാത്ത അവസ്ഥയാണ്. മദ്യ നിര്‍മ്മാണ ശാല അനുമതിക്കുള്ള ക്യാബിനറ്റ് നോട്ട് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പാര്‍ട്ടി സെക്രട്ടറിയോട് നയം എന്തെന്ന് ചോദിച്ചിരുന്നെന്നും കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെങ്കിൽ വ്യവസായം വരട്ടെ എന്ന നിലപാടാണ് അന്ന് ബിനോയ് വിശ്വം എടുത്തതെന്നുമാണ് മന്ത്രിമാര്‍ പാര്‍ട്ടി നേതൃയോഗത്തിൽ വിശദീകരിച്ചത്. വിവാദത്തിന്റെ ആദ്യ നാളുകളിൽ പാർട്ടി നേതൃത്വം നിശബ്ദമാകാൻ കാരണവും ഇതാണ്. 

പ്രദേശത്തെ കാര്‍ഷിക മേഖല താറുമാറാകുമെന്നും കുടിവെള്ള പ്രശ്നം രൂക്ഷമാകുമെന്നും അതുകൊണ്ട് തന്നെ പദ്ധതിയെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും പാലക്കാട് ജില്ലാ ഘടകം എടുത്ത നിലപാടിനായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവിൽ ഭൂരിപക്ഷ പിന്തുണ. മദ്യനിര്‍മ്മാണ ശാല അനുമതിയിൽ നിന്ന് സര്‍ക്കാര്‍ പിൻമാറണമെന്ന് സിപിഐ പറയാൻ തുടങ്ങിയതും അതിൽ പിന്നെയാണ്. പ്ലാൻറ് വിരുദ്ധ ചേരിക്ക് എക്സിക്യൂട്ടീവിൽ മുൻതൂക്കം കിട്ടിയതോടെയാണ് സെക്രട്ടറിയും മന്ത്രിമാരും കുഴങ്ങിയത്.

പദ്ധതി വേണ്ടെന്ന് മുന്നണി നേതൃത്വത്തെ അറിയിക്കാനാണ് ഒടുവിൽ പാർട്ടി തീരുമാനം. ഇതുവരെ ബിനോയ് വിശ്വവും എംവി ഗോവിന്ദനും തമ്മിലെ കൂടിക്കാഴ്ത നടന്നിട്ടില്ല സിപിഎം ഇടതുമുന്നണി നേതൃത്വങ്ങളെ പാര്‍ട്ടി നിലപാട് അറിയിച്ചോ എന്നും എന്നിട്ട് എന്ത് പ്രതികരണം ഉണ്ടായെന്നും മദ്യ നിര്‍മ്മാണ ശാല അനുമതിയിൽ തുടര്‍ നീക്കം എന്തെന്നും അടുത്ത നേതൃയോഗത്തിൽ ബിനോയ് വിശ്വം വിശദീകരിക്കേണ്ടി വരും. മദ്യ നിര്‍മ്മാണ ശാല അനുമതിയിൽ പാര്‍ട്ടിക്കുള്ള ആശങ്ക അറിയിക്കാനും മന്ത്രിസഭായോഗത്തിൽ മുൻ നിലപാട് തിരുത്താനും മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം ഉണ്ട്. പാർട്ടിയിൽ ഉയർന്ന എതിർപ്പുകൾക്കനുസരിച്ച് സർക്കാറിനെ കൊണ്ട് തിരുത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും സെക്രട്ടറിക്കെതിരായ നീക്കം വീണ്ടും പാർട്ടിയിൽ ശക്തമാകും.

Related Articles

Back to top button