മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ ഇനി ആധാർ മുഖേന…ഇതിന് മുന്നോടിയായി….

മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്ന് മുതൽ ആധാർ മുഖേനയാക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ ഉൾപ്പെടുത്തണമെന്ന് ഗതാഗത കമീഷണർ നിർദേശം നൽകി. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 മുതൽ 28 വരെയാണ് അപ്ഡേറ്റ് ചെയ്യാൻ അവസരം. ആർ ടി ഒ-ജോയൻ്റ് ആർ ടി ഒ ഓഫിസുകളിൽ പ്രത്യേക കൗണ്ടറുകളും അപ്ഡേറ്റുകൾ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.

വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് സേവനങ്ങൾ, ഫിനാൻസ് സേവനങ്ങൾ തുടങ്ങിയവ നേരത്തെ ആധാർ അധിഷ്ഠിതമാക്കിയിരുന്നു. ആധാർ നമ്പറിന് പുറമെ, ബദൽ സൗകര്യമെന്ന നിലയിൽ മൊബൈൽ നമ്പർ കൂടി നൽകി ഒടിപി സ്വീകരിച്ച് ഓൺലൈൻ നടപടി പൂർത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു.

ആധാർ നൽകിയാൽ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈൽ ഫോൺ നൽകിയാൽ ആ നമ്പറിലേക്കും ഒടിപി എത്തുമായിരുന്നു. എന്നാൽ ഇടനിലക്കാർ തങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി സ്വീകരിച്ച് നടപടികൾ പുർത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈൽ ഫോൺ നമ്പർ നൽകുന്ന രീതി മാത്രമായി ഇത് അവസാനിപ്പിച്ചാണ് ആധാറിൽ മാത്രമായി ഒടിപി സേവനം പരിമിതപ്പെടുത്തുന്നത്.

Related Articles

Back to top button