പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ നാലമ്പല ശിലാസ്ഥാപനം

മാവേലിക്കര- വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന്റെ പുതുതായി നിർമ്മിക്കുന്ന നാലമ്പലത്തിന്റെ ശിലാസ്ഥാപനകർമ്മം 3ന് പകൽ 12.15നും 1.15നും മധ്യേയുള്ള മുഹൂർത്തത്തിൽ ചേന്നമംഗലത്ത് ഇല്ലത്ത് സി.പി.എസ്.പരമേശ്വരൻ ഭട്ടതിരി നിർവഹിക്കും. ശിലാസ്ഥാപനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ 9ന് ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്‌ണു ക്ഷേത്രത്തിൽ നിന്നും നാലമ്പലനിർമ്മാണത്തിൻ്റെ ശിലാസ്ഥാപനത്തിനായി പൂജിച്ചുവാങ്ങുന്ന ആധാരശിലയ്ക്ക് ക്ഷേത്രഭാരവാഹികൾ ആദ്യസ്വീകരണം നൽകും. തുടർന്ന് നിലവിളക്ക് ദീപത്തോടുകൂടി അലങ്കരിച്ച രഥത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോട് ശിലാവാഹനഘോഷയാത്ര പുറപ്പെടും.

വിവിധ ക്ഷേത്രങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 4ന് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിലുള്ള ക്ഷേത്രകാണിക്കവഞ്ചി സ്ഥലത്ത് എത്തിച്ചേരും. തുടർന്ന് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിൽ നിന്നും താലപ്പൊലിയുടേയും മുത്തുക്കുടകളുടേയും പഞ്ചവാദ്യത്തിൻ്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടുകൂടി ഭക്തജനങ്ങൾ പങ്കെടുത്തുകൊണ്ടുള്ള ശിലാനാമജപഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര ശ്രീക‌ണ്ഠേകാളൻകാവ് മഹാദേവ ക്ഷേത്രത്തിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ എത്തിച്ചേരുമെന്ന് ഭാരവാഹികളായ എൻ.ഗോപാലകൃഷ്ണ കുറുപ്പ്, കെ.രഘുപ്രസാദ്, സുനിൽ രാമനനല്ലൂർ, സുജിത്ത് വെട്ടിയാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button