എങ്ങോട്ടാണെങ്ങോട്ടാണീ കുതിപ്പ്! റോക്കറ്റ് വേഗത്തിൽ സ്വർണവില ഉയരുന്നു…
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ വർധനവ്. ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. സമീപകാലത്തൊന്നും ഒറ്റ ദിവസം സ്വർണവിലയിൽ ഇത്രവലിയ വർധനവുണ്ടായിട്ടില്ല. ഒരു പവൻ സ്വർണത്തിന് 61,840 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 120 രൂപ കൂടി 7730 രൂപയിലെത്തി. ആഗോള വിപണിയിൽ ഡിമാൻഡ് കൂടിയതാണ് കേരളത്തിലെ സ്വർണവിലയിൽ വൻ കുതിപ്പിന് കാരണമായത്.
ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 2,799.2 ഡോളറിലെത്തുകയും ചെയ്തു. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി. ന്യൂയോർക്ക് വിപണിയിൽ ഔൺസിന് 31.52 ഡോളർ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.25 ശതമാനം ഉയർന്ന് 82,250 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ 0.20 ശതമാനം കുതിച്ച് കിലോഗ്രാമിന് 93,635 രൂപയുമായി.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെ കൂടുതൽ റിസ്‌ക് ഉള്ള ആസ്തികളിൽനിന്ന് നിക്ഷേപകർ പിന്മാറുന്നതാണ് സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ. പ്രതിരോധ ആസ്തിയെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടാനിടയാക്കി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഇത്തവണ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയതും സ്വർണത്തിന് നേട്ടമായി. സമാന സാഹചര്യം നിലനിൽക്കുന്നതിനാൽ വരുംദിവസങ്ങളിൽ വിലവർധിക്കാനാണ് സാധ്യത.