വസ്തുതകൾ വളച്ചൊടിക്കാനുള്ള എക്സൈസ് മന്ത്രിയുടെ നീക്കം ആരെ സഹായിക്കാനാണ്…
ബ്രൂവറി വിഷയത്തിൽ മന്ത്രി എം ബി രാജേഷിൻ്റെ മറുപടിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി കാതലായ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. വസ്തുതകൾ വളച്ചൊടിക്കാനുള്ള എക്സൈസ് മന്ത്രിയുടെ നീക്കം ആരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത് എൽഡിഎഫ് ഘടകകക്ഷികൾക്ക് പോലും ബോധ്യപ്പെടാത്ത കാര്യങ്ങളാണെന്നും വി ഡി സതീശൻ പരിഹസിച്ചു. രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ചൂണ്ടിക്കാണിച്ച വി ഡി സതീശൻ എക്സൈസ് മന്ത്രിയും ഒയാസിസ് പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയത് എവിടെ വച്ചെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.