സംശയം തോന്നിയ പെയിൻറ് ഡബ്ബ…പിന്നെ റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവും യുവതിയും…പരിശോധനയിൽ പിടിച്ചത്….
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന എക്സൈസ് – ആർപിഎഫ് സംയുക്ത പരിശോധനകളിൽ 33 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. തൃശൂർ എക്സൈസ് സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ്, തൃശൂർ എക്സൈസ് റേഞ്ച് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ആർപിഎഫും ചേർന്നാണ് 23.4 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി കമൽ കുമാർ മൊണ്ടേൽ (25) എന്നയാളെ പിടികൂടിയത്. പെയിന്റ് ഡബ്ബയിൽ ആണ് ഇയാൾ കഞ്ചാവ് കടത്തിയത്.
എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ, ഐബി ഇൻസ്പെക്ടർ പ്രസാദ്, തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധീർ എന്നിവരോടൊപ്പം അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ സന്തോഷ് പി ആർ, എൻ ജി സുനിൽ കുമാർ, പ്രിവൻറീവ് ഓഫീസർ പി രാമചന്ദ്രൻ, പ്രിവൻറീവ് ഓഫീസർ(ഗ്രേഡ്) സി എൽ ജയിൻ, സിവിൽ എക്സൈസ് ഓഫീസർ അജീഷ് ഇ ആർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
തൃശൂർ എക്സൈസ് എൻഫോഴ്സ്‌മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി ജെ റോയിയും സംഘവും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ 8.02 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിനി അഞ്ജന മണ്ഡലിനേയും, 1.98 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ഫിറോജ് എസ് കെ എന്നയാളെയും അറസ്റ്റ് ചെയ്തു.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ സോണി, ഗിരീഷ്, വത്സൻ, പ്രിവൻറീവ് ഓഫീസർ(ഗ്രേഡ്)മാരായ ബാബു, ഷാജു, സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ റിജോ, തൗഫീക്ക്, വനിത സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു പോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സംഗീത് എന്നിവരും കേസെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
അതേസമയം, വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിൽ ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിൽ 3.4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജിജി പോളിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സി പി മധു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ പി എ ഹരിദാസ്, എ ആർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ പ്രശോഭ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി എൻ പ്രദീപൻ എന്നിവരും പങ്കെടുത്തു.