സാമൂഹിക പരിവര്‍ത്തനം എന്ന് പറഞ്ഞാല്‍ ചുട്ട അപ്പം പോലെ കിട്ടുന്നതാണെന്ന് വിചാരിക്കേണ്ട…

എഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ സാഹചര്യത്തില്‍ മാര്‍ക്‌സിസത്തിന് കാര്യമായ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസില്‍ ചുമര്‍ ശില്‍പ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ മാര്‍ക്‌സിസത്തിന് എന്ത് പ്രസക്തിയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. എഐ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60% കുറയും. അപ്പോള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന് അധ്വാനമില്ലാതാകും. എഐയാണ് അധ്വാനിക്കുക. ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരും. മുതലാളിത്തത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതാകും. സ്വത്ത് വാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇത് മൗലികമായ മാറ്റത്തിന് കാരണമാകും. ഈ സാഹചര്യത്തെയാണ് മാര്‍ക്‌സ് സമ്പത്തിന്റെ വിഭജനമെന്ന് പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് എഐയുടെ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിത്തീരുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിന് ചിലപ്പോള്‍ നൂറോ ഇരുന്നൂറോ വര്‍ഷങ്ങള്‍ എടുക്കും. സാമൂഹിക പരിവര്‍ത്തനം എന്ന് പറഞ്ഞാല്‍ ചുട്ട അപ്പം പോലെ കിട്ടുന്നതാണെന്ന് വിചാരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button