കിടക്കാന്‍ നേരം ഫോണില്‍ വീഡിയോ കാണാറുണ്ടോ.. എങ്കിൽ സൂക്ഷിച്ചോ.. രക്തസമ്മര്‍ദം വര്‍ധിപ്പിക്കും…

രാത്രി വൈകുവോളം ഫോണില്‍ റീല്‍സ് കണ്ടിരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഒന്ന് ശ്രദ്ധിച്ചോളു.രാത്രിയിലെ സ്‌ക്രോളിങ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് സമീപകാലത്തെ പഠനങ്ങള്‍ തെളിയിക്കുന്നത്. രാത്രി ഏറെ വൈകിയുള്ള വീഡിയോ കാണല്‍ ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിച്ചേക്കാമെന്നാണ് കണ്ടെത്തല്‍.യുവാക്കളും മധ്യവയസ്‌കരുമായ 4318 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരുടെ കിടക്കുംനേരമുള്ള വീഡിയോ കാണലും ഹൈപ്പര്‍ ടെന്‍ഷനും തമ്മിലുള്ള ബന്ധം ഗവേഷകര്‍ വിശകലനം ചെയ്തു. കിടക്കും മുന്‍പ് ചെറിയ വീഡിയോകള്‍ കാണുന്നവരില്‍ രക്തസമ്മര്‍ദം വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ടിവി കാണുന്നതിനെയും കംപ്യൂട്ടറില്‍ കിടക്കുംവരെ ജോലി ചെയ്യുന്നവരെയും അപേക്ഷിച്ച് ഇത്തരത്തില്‍ ചെറുവീഡിയോകള്‍ കാണുന്നവരിലാണ് രക്തസമ്മര്‍ദം ഉയരുന്നത്.

20-40നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ സാധാരണമായിക്കഴിഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ വളരെ ചെറിയ പ്രായത്തില്‍ രക്തസമ്മര്‍ദം ഉയരുന്നത് ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. വീഡിയോ കാണുമ്പോഴുണ്ടാകുന്ന നീല വെളിച്ചം മുഖത്തടിക്കുന്നത് ഉറക്കത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ആറുമണിക്കൂറില്‍ താഴെയാണ് ഉറക്കം ലഭിക്കുന്നതെങ്കില്‍ അത് രക്തസമ്മര്‍ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. അമിതവണ്ണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്കും അത് നയിച്ചേക്കാം. സ്‌ട്രെസ് , ഉത്കണ്ഠ എന്നിവ ഉയരുന്നതിനും ഉറങ്ങാന്‍ കിടക്കുന്ന സമയത്തെ വീഡിയോ കാണല്‍ കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.കൂടാതെ ഹ്രസ്വ വിഡിയോകള്‍ കൂടുതല്‍ കാണുന്ന ആളുകളില്‍ ശ്രദ്ധക്കുറവിനുള്ള സാധ്യതയുണ്ട്. കൂടാതെ മോശം ഉറക്കം, ഇന്‍സോമിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടാമെന്നും ഗവേഷകര്‍ പറയുന്നു.

Related Articles

Back to top button