ചെന്താമര വീട്ടിൽ താമസിച്ചത് ജാമ്യവ്യവസ്ഥകൾ ലംഘിച്ച്… നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ…

നെന്മാറ ഇരട്ടക്കൊല കേസില്‍ എസ്എച്ച്ഒയ്‌ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്.നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഗിനെ സസ്പെൻഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ് പി നെന്മാറ എസ്എച്ച്ഒയ്ക്ക് എതിരെ ഐജിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രതി നെന്മാറയില്‍ താമസിച്ചിട്ടും ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്ന് ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നത് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെയാണ് പ്രതി ചെന്താമര ഒരു മാസത്തോളംവീട്ടില്‍ വന്ന് താമസിച്ചത്. ഇക്കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം പൊലീസ് കൊടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കാളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 2019 ൽ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്നതിനിടെ 2022 ൽ കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.

ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല. ചെന്താമരയ്‌ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ച പ്രതിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്

Related Articles

Back to top button