ഭാസ്കര കാരണവർ കൊലക്കേസ്: ശിക്ഷാ ഇളവ് വേദനിപ്പിച്ചു…ഷെറിന് സർക്കാർ മുൻഗണന നൽകുന്നുവെന്ന് ഒന്നാം സാക്ഷി…
ആലപ്പുഴ: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്‍റെ ശിക്ഷ ഇളവിൽ പ്രതികരണവുമായി കേസിലെ ഒന്നാം സാക്ഷിയും ഭാസ്കര കാരണവരുടെ ബന്ധുവുമായ അനിൽ ഓണമ്പള്ളി. ഷെറിൻ പുറത്ത് ഇറങ്ങുന്നുവെന്ന് കേട്ടപ്പോൾ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ജീവപര്യന്തം ശിക്ഷയ്ക്ക് ശേഷമാണ് ഷെറിൻ പുറത്തിറങ്ങുന്നത്.
”ഒരു മകൾ ഉള്ളത് ഓർത്ത് മാത്രം ഇനിയെങ്കിലും ഷെറിൻ നന്നായി ജീവിക്കണം. ഇനി ഒരു കൊല നടത്തരുത്. എന്തുകൊണ്ട് ഷെറിന് ഇത്രയധികം പരോൾ കിട്ടി. ഇത്രയധികം ഇളവുകൾ കിട്ടാൻ എന്താണ് കാരണം. ഷെറിന് സർക്കാർ എന്ത് കൊണ്ട് ഇത്രയും മുൻഗണന നൽകുന്നുവെന്നും ഒരു വീടാണ് അനാഥമാക്കിയത്” – അനില്‍ പറഞ്ഞു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭയോഗത്തിലാണ് തീരുമാനമുണ്ടായത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബർ 7നാണ് ഷെറിന്റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്‍റെ കാമുകൻമാരും കൊലപാതകത്തിൽ പ്രതികളായിരുന്നു. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.
കാരണവരുടെ കൊലപാതകത്തിൽ അതിവേഗം തന്നെ പ്രതികളിലേക്ക് എത്താൻ പൊലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, നായ്ക്കളുള്ള വീട്ടിലെത്തി, ഭാസ്കര കാരണവരെ കൊല്ലാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അങ്ങനെയാണ് മരുമകൾ ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ശിക്ഷ കാലാവധി പൂർത്തിയായി സാഹചര്യത്തിൽ ഷെറിൻ നേരത്തെ നൽകിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോൾ ഇളവ് നൽകാനുള്ള തീരുമാനമെടുത്തത്.
സ്ത്രീയെന്നുള്ള പരിഗണന കൂടി കണക്കിലെടുത്താണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. ഷെറിന് ഒരു മകൻ പുറത്തുണ്ട്. ഇത്തരത്തിൽ പല കാര്യങ്ങൾ പരിഗണിച്ച്, ജയിൽ ഉപദേശക സമിതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തിരിക്കുന്നത്. 2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിലെ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മരുമകളായ ഷെറിനും കാമുകനും ചേർന്നായിരുന്നു കൃത്യം നടത്തിയത്. ഷെറിന്റെ ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തതായിരുന്നു പ്രകോപനം. കേസിലെ ഒന്നാം പ്രതിയായ ഷെറിന് തുടർച്ചയായി പരോളുകൾ നൽകിയത് വിവാദമായിരുന്നു. വിവിധ ജയിലുകളിൽ പ്രശ്നമുണ്ടാക്കിയ ഷെറിനെ ഒടുവിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.



