ബ്രെസ്റ്റ് ക്യാന്‍സര്‍ ഒഴിവാക്കാന്‍.. സ്ത്രീകൾ ചെയ്യേണ്ടത്…

തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് മാറ്റാന്‍ സാധിയ്ക്കുന്നതാണെങ്കിലും കൂടുതല്‍ ഗുരുതരമായാല്‍ മരുന്നുകള്‍ കൊണ്ട് ചികിത്സിച്ച് മാറ്റാന്‍ സാധിയ്ക്കാത്ത ഒന്നാണ് ക്യാന്‍സര്‍. ഇതില്‍ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വരാന്‍ സാധ്യതയുള്ള ചില പ്രത്യേക ക്യാന്‍സറുകളുണ്ട്. സ്ത്രീകള്‍ക്ക് കൂടുതലായി വരാന്‍ സാധ്യതയുള്ള ക്യാന്‍സറുകളില്‍ ഒന്നാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ .ഇന്നത്തെ കാലത്ത് ഈ രോഗം ബാധിയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ച് വരികയാണ്. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഏതാണ്ട് 70 ശതമാനം സ്തനാര്‍ബുദവും ഉണ്ടാകുന്നത് ആര്‍ത്തവ വിരാമത്തിന് ശേഷമാണ്. ബാക്കി പ്രായക്കാരിൽ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനവും.

സ്തനാര്‍ബുദം വരാതെ തടയുകയെന്നത് ഏറെ പ്രധാനം തന്നെയാണ്. ഇതിന് പല വഴികളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരു വഴിയാണ് വ്യായാമം ചെയ്യുകയെന്നത്. സ്ത്രീകള്‍ ദിവസേന വ്യായാമം ശീലമാക്കുക. ശരീരത്തിന്റെ എല്ലാ ഭാഗത്തേയും സ്വാധീനിയ്ക്കുന്ന വിധത്തിലെ വ്യായാമം ചെയ്യുകയെന്നത് ഏറെ പ്രധാനമാണ്. ചില പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിയ്ക്കുന്നുവെന്ന് പറയാം. കൊഴുപ്പ് കൂടിയ ഭക്ഷണം, മാംസം, മദ്യം തുടങ്ങിയവ അമിത അളവിൽ സ്ഥിരമായി കഴിക്കുന്നവർ, ഹോര്‍മോണ്‍ ഗുളികകള്‍ ഏറെക്കാലം അടുപ്പിച്ച് ഉപയോഗിയ്ക്കുന്നവര്‍, ഈസ്ട്രജന്‍ ഹോര്‍മോണ്‍ റിപ്ലേസ്‌മെന്റ് പോലുള്ള ഹോര്‍മോണ്‍ ട്രീററ്‌മെന്റുകള്‍ നടത്തുന്നവര്‍, വൈകി ആദ്യ പ്രസവം നടക്കുന്നവര്‍, മുലയൂട്ടാത്തവര്‍ എന്നിവരില്‍ ഇത്തരം രോഗസാധ്യത ഏറെയാണ്. ഇതുപോലെ പാരമ്പര്യവും ഇതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്.

നേരത്തെ കണ്ടു പിടിച്ച് ചികിത്സിച്ചാല്‍ മറ്റേത് ക്യാന്‍സര്‍ പോലെയും പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമാണ് ഇത്. നിപ്പിളുകള്‍ ഉള്ളിലേയ്ക്ക് വലിയുക, സ്തനങ്ങളില്‍ നിന്നും ഏതെങ്കിലും ദ്രാവകം വരിക എന്നിവ സ്തനാര്‍ബുദ ലക്ഷണങ്ങളാകാം. സ്തനങ്ങളിലെ മുഴകള്‍, പ്രത്യേകിച്ചും വേദനയില്ലാത്ത മുഴകള്‍ ശ്രദ്ധിയ്ക്കണം. കക്ഷത്തിലെ മുഴകളും കഴലകളും ശ്രദ്ധ വേണം. ഇവയുടെ വലിപ്പം വര്‍ദ്ധിയ്ക്കുന്നതും തെന്നിമാറുന്നതുമെല്ലാം തന്നെ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളാണ്. വേദനയില്ലാത്ത മുഴകളാണ് പലപ്പോഴും സ്തനാര്‍ബുദ സാധ്യതയായി കണക്കാക്കപ്പെടുന്നത്. സാധാരണയായി ക്യാന്‍സറുകള്‍ക്കു വരുന്ന പൊതുവായ ലക്ഷണങ്ങള്‍ ഈ അര്‍ബുദത്തിനും ലക്ഷണമായി വരുന്നു. അമിതമായ ക്ഷീണം, പെട്ടൈന്ന് ഭാരം കുറയുക, വിശപ്പില്ലാതാകുക തുടങ്ങിയ പല ലക്ഷണങ്ങളും സ്തനാര്‍ബുദ ലക്ഷണം കൂടിയാണ്. സ്വയം പരിശോധനയും മാമോഗ്രാം പോലുള്ളവയുമെല്ലാം കൃത്യമായി നടത്തുന്നത് സ്തനാര്‍ബുദ സാധ്യത നേരത്തെ കണ്ടെത്തി ചികിത്സിയ്്ക്കാന്‍ സഹായിക്കുന്ന വഴികളാണ്.

Related Articles

Back to top button