സന്ദീപ് വാചസ്പതി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു
മാവേലിക്കര: ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റായി സന്ദീപ് വാചസ്പതി ചുമതലയേറ്റു. തുടർന്ന് നടന്ന അനുമോദന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂര്‍ ആലാ പഞ്ചായത്തിൽ പെണ്ണുക്കരയിൽ കെ.വി രവീന്ദ്രക്കുറുപ്പിന്റെയും രത്നമ്മയുടെയും മകനായി ജനിച്ച സന്ദീപ് വാചസ്പതി ചെങ്ങന്നൂർ, മാവേലിക്കര, കോട്ടയം എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജേര്‍ണ്ണലിസത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 11 വർഷത്തോളം മാധ്യമ രംഗത്ത് സജീവമായിരുന്ന സന്ദീപ് ഗ്രന്ഥകർത്താവ്, ചാനൽ സംവാദകൻ, പ്രഭാഷകന്‍, പരിഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തെ ചരിത്രം വിശകലനം ചെയ്യുന്ന ‘വഞ്ചനയുടെ 100 വർഷങ്ങൾ- താഷ്കന്‍റ് മുതൽ ശബരിമല വരെ’ എന്ന പുസ്തകത്തിന്‍റെ രചയിതാവാണ്.
എട്ടാം വയസിൽ ആർ.എസ്.എസ്സിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ സന്ദീപ് ആർ.എസ്.എസ് മണ്ഡലം-ഖണ്ഡ് കാര്യവാഹക്, ബൗദ്ധിക് പ്രമുഖ്, ബാലഗോകുലത്തിന്‍റെ ചെങ്ങന്നൂർ താലൂക് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന മീഡിയാ സെല്‍ കണ്‍വീനര്‍, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവില്‍ ബി.ജെ.പി സംസ്ഥാന വക്താവാണ്.
ഭാര്യ- സബിത. മക്കൾ- ജഗന്നാഥൻ, ജാതവേദൻ, സാവിത്രി.