ഞങ്ങൾ ഒരുമിച്ചാണ് നിന്നത്.. പെട്ടെന്ന് വലിയൊരു തിര വന്ന് എല്ലാവരെയും കൊണ്ടുപോയി.. അത്ഭുതകരമായി രക്ഷപ്പെട്ട് ജിൻസി….

കോഴിക്കോട് തിക്കോടിയിൽ 4 പേർ തിരയിൽപെട്ട് മരിച്ച സംഭവത്തിൽ, ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ ജിൻസി. ജിൻസിയുൾപ്പെടെ 5 പേരാണ് കൈ കോർത്തുപിടിച്ച് കടലിലിറങ്ങിയത്. അതിനിടയിൽ വലിയൊരു തിരയടിച്ചാണ് അപകടമുണ്ടായത്.കല്‍പ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ അംഗങ്ങളായിരുന്നു അപടത്തിൽപ്പെട്ടത്. കടല്‍ ഉള്‍വലിഞ്ഞുകിടക്കുന്നതടക്കം നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം അതുവകവെച്ചില്ല. കൈകള്‍ കോര്‍ത്ത് അഞ്ച് പേര്‍ കടലില്‍ ഇറങ്ങുകയായിരുന്നു.

ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. ജിമ്മിലെ 25 അംഗങ്ങളായിരുന്നു കടൽ കാണാൻ എത്തിയത്. ഇതിനിടെ വയനാട് കല്‍പ്പറ്റ സ്വദേശികളായ വാണി, അനീസ, വിനീഷ്, ഫൈസല്‍, ജിന്‍സി എന്നിവർ കടലിൽ ഇറങ്ങി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ കടലില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് വകവെയ്ക്കാതെ സംഘം കൈകോര്‍ത്ത് ഇറങ്ങുകയായിരുന്നു. നാല് പേര്‍ തിരയില്‍പ്പെട്ട് ഒലിച്ചുപോയി. ഇതിനിടെ ജിന്‍സി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ മൂന്ന് പേരെ കരയില്‍ എത്തിച്ചു. ഇവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് നാലാമത്തെയാളെ കടലിലെ പാറയില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഹരിതഗിരി ഹോട്ടല്‍ മാനേജര്‍ അമ്പിലേരി സ്വദേശി സതീശന്റെ ഭാര്യയാണ് മരിച്ച വാണി. അനീസ ജിം ട്രെയിനറാണ്. പ്രാദേശിക രാഷ്ട്രീയ നേതാവാണ് ബിനീഷ്. മൂന്ന് പേരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്. കടല്‍ ഉള്‍വലിഞ്ഞതും ആഴവും അടിയൊഴുക്കും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button