ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കും…ഏകീകൃത പെൻഷൻ നടപ്പാക്കുള്ള വിജ്ഞാപനം പുറത്തിറക്കി….

പ്രതിപക്ഷ തൊഴിലാളിസംഘടനകൾ കടുത്ത എതിർപ്പ് ഉയർത്തുന്നതിനിടെ ഏകീകൃത പെൻഷൻ നടപ്പാക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ. സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന യൂണിഫൈഡ് പെൻഷൻ സ്‌കീം-യു.പി.എസ് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഏപ്രിൽ ഒന്നിന് പദ്ധതി നിലവിൽ വരുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

2024 ഓഗസ്റ്റ് 24നാണ് ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. സംസ്ഥാന സർക്കാരുകൾക്കും വേണമെങ്കിൽ നടപ്പാക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. അതേസമയം, 2004-നുശേഷം ജോലിയിൽ പ്രവേശിച്ച് വിരമിച്ചവർക്കുമാത്രമേ യു.പി.എസ്. പെൻഷൻ ലഭിക്കുകയുള്ളൂ.

25 വർഷം സേവനംചെയ്തവർക്കാണ് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷൻ ഉറപ്പാക്കുന്നത്. അതിനാൽ 2029-നുശേഷമേ കേന്ദ്രത്തിന് അത് നൽകേണ്ടിവരുന്നുള്ളൂ. സാമ്പത്തികബാധ്യത അടുത്ത സർക്കാരിന്റെ തലയിലിടുന്ന പദ്ധതിയല്ല യു.പി.എസ്. എന്ന് കേന്ദ്രം ഉറപ്പിച്ചുപറയാൻ ഇതാണ് കാരണം. പദ്ധതി നടപ്പാക്കുന്ന ആദ്യവർഷം 6250 കോടി രൂപ കേന്ദ്രസർക്കാരിന് അധികമായി ചെലവാകും. കുടിശ്ശിക നൽകാൻ 800 കോടിയും വേണം. വരുംവർഷങ്ങളിൽ ഇതിൽ മാറ്റംവരും. എൻ.പി.എസിലുള്ള 99 ശതമാനത്തിലേറെപ്പേരും യു.പി.എസിലേക്ക് മാറുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

മറ്റ് പ്രധാന വ്യവസ്ഥകൾ

  • പത്തിനും 25-നുമിടയിൽ വർഷത്തെ സർവീസുള്ളവർക്ക് ആനുപാതികമായി (പ്രോറാറ്റ അടിസ്ഥാനത്തിൽ)
  • പെൻഷൻ കുറയുംജീവനക്കാർ മരിച്ചാൽ, അവരുടെ പെൻഷന്റെ 60 ശതമാനം കുടുംബപെൻഷനായി നൽകും
  • പത്തുവർഷമെങ്കിലും സർവീസുള്ളവർക്ക് 10,000 രൂപ മിനിമം പെൻഷൻ ഉറപ്പാക്കും
  • പെൻഷനുകൾക്കൊപ്പം ഡിയർനെസ് റിലീഫുമുണ്ടാകും. വ്യവസായത്തൊഴിലാളികൾക്കുള്ള അഖിലേന്ത്യാ
  • ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയാകും ഇത്
  • വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റിക്കുപുറമേ ഒരു ലംപ്സംതുകയുമുണ്ടാകും. പൂർത്തിയാക്കിയ ഓരോ ആറ്ുമാസത്തിനും വിരമിക്കുന്ന സമയത്തെ അടിസ്ഥാനശമ്പളവും ഡി.എ.യും കൂട്ടിയതിന്റെ പത്തിലൊന്ന് തുകവീതം കണക്കാക്കിയാണ് ഇത് നൽകുക.

പഴയ പെൻഷൻപദ്ധതിക്ക് (ഒ.പി.എസ്.) പകരം 2004 മുതൽ രാജ്യത്ത് നടപ്പാക്കിയ പുതിയ പെൻഷൻപദ്ധതി (എൻ.പി.എസ്.) ഉണ്ടാക്കിയ എതിർപ്പും രാഷ്ട്രീയാഘാതങ്ങളും പരിഹരിക്കുന്നതിനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഏകീകൃത പെൻഷൻപദ്ധതിക്ക് രൂപംകൊടുത്തത്. പെൻഷൻഫണ്ടിലേക്കുള്ള സർക്കാർവിഹിതം 14-ൽനിന്ന് 18.5 ശതമാനമാക്കുന്ന യു.പി.എസ്. നടപ്പാക്കൽ മിക്കസംസ്ഥാനങ്ങൾക്കും വലിയ സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ഏകീകൃത പെൻഷൻപദ്ധതിക്കെതിരേ പ്രതിപക്ഷ തൊഴിലാളിസംഘടനകൾ കടുത്ത എതിർപ്പിലാണ്. ജീവനക്കാർ വിഹിതം നൽകേണ്ടതില്ലാത്ത പഴയ പെൻഷൻപദ്ധതി (ഒ.പി.എസ്.) പുനസ്ഥാപിക്കണമെന്ന നിലപാടിലാണ് തൊഴിലാളിസംഘടനകൾ. അതേസമയം, നിശ്ചിത പെൻഷൻ, നിശ്ചിത കുടുംബപെൻഷൻ, നിശ്ചിത മിനിമം പെൻഷൻ, ഇൻഫ്‌ലേഷൻ ഇൻഡെക്സേഷൻ, ഗ്രാറ്റുവിറ്റിക്കുപുറമേ വിരമിക്കൽസമയത്ത് നിശ്ചിത തുക ലഭിക്കൽ എന്നിങ്ങനെ അഞ്ച് പ്രധാന ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.

Related Articles

Back to top button