തെരുവ് നായയുടെ ആക്രമണം…. വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു…
സ്കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാത്തഞ്ചേരി മീത്തല്‍ ഷൈജുവിന്റെ മകള്‍ അലോന (14), പൂക്കോടന്‍ ചാലില്‍ മിനി (43) എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുന്ന വഴി ആതകശ്ശേരി ക്ഷേത്രത്തിനടുത്തേക്ക് പോകുന്ന ഫൂട്ട്പാത്തില്‍ വെച്ചാണ് അലോനക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പൂക്കോട്ട്യേരിതാഴെ വെച്ചാണ് മിനിയ്ക്ക് കടിയേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉള്ള്യേരിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 25ഓളം പേര്‍ക്കാണ് നായയുടെ കടിയേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് ഉള്ള്യേരി അങ്ങാടിയില്‍ ആറ് പേര്‍ക്ക് കടിയേറ്റത്. പിന്നീട് 20 ദിവസങ്ങള്‍ക്ക് ശേഷം മാമ്പൊയിലിലും കൂനഞ്ചേരിയിലും നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിയടക്കം ഒട്ടെറെ പേര് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തെരുവ് നായ ശല്യം കൂടി വരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.