പനമരം പഞ്ചായത്ത് അംഗത്തെ ആക്രമിച്ച കേസ്…ഡിവൈഎഫ്ഐ നേതാക്കൾ പ്രതികൾ

വയനാട് പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതിൽ ഡിവൈഎഫ്ഐ നേതാക്കൾ പ്രതികൾ. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് ബെന്നി പറഞ്ഞു. അതിനിടെ സിപിഎം നേതാവിനെയും അമ്മയെയും അസഭ്യം പറഞ്ഞതിന് ബെന്നി വലിയ വില നൽകേണ്ടി വരുമെന്ന് മുൻ ജില്ലാ സെക്രട്ടറി ഗഗാറിൻ പ്രസംഗിച്ച വീഡിയോയും പുറത്തുവന്നു.
പനമരം പഞ്ചായത്തിൽ 29ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബെന്നി ആക്രമിക്കപ്പെട്ടത്. എൽഡിഎഫ് ഭരിക്കുന്ന പനമരം പഞ്ചായത്തിലെ ഭരണമുന്നണി മെമ്പർ ആയിരിക്കെ തന്നെ പഞ്ചായത്തിനെതിരെ ബെന്നി ചെറിയാൻ സമരം ചെയ്തിരുന്നു. പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ഉന്നയിച്ച് 16 ദിവസം നിരാഹാരം കിടന്നതോടെ ജെഡിഎസ് മെമ്പറായ ബെന്നി ചെറിയാനെ പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും പുറത്താക്കി. പിന്നാലെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡൻ്റിന് എതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ ബെന്നി ചെറിയാൻ പിന്തുണച്ചു. ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. മുന്നണിക്കെതിരെ നിലപാടെടുത്തതോടെ തനിക്കെതിരെ തുടർച്ചയായ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ബെന്നി ആരോപിച്ചു. സിപിഎം നേതാക്കളുടെ പേരടക്കം നൽകി വയനാട് എസ്പിക്കും ബെന്നി പരാതി നൽകിയിരുന്നു. ഇതിനിടയാണ് ആക്രമണം ഉണ്ടായത്. കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ബെന്നിയുടെ കൈയ്ക്ക് പരിക്കേറ്റു.

Related Articles

Back to top button