മത്സ്യത്തൊഴിലാളികൾക്കുളള ഭവന നിർമാണ ഫണ്ടിൽ തിരിമറി.. മുൻ ഫിഷറീസ് സബ് ഇൻസ്‌പെക്ടർക്ക് കഠിന തടവ്…

ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള മത്സ്യത്തൊഴിലാളികൾക്കുളള ഭവന നിർമാണ ഫണ്ടിൽ തിരിമറി നടത്തിയ കേസിൽ മുൻ ഫിഷറീസ് സബ് ഇൻസ്‌പെക്ടർക്ക് അഞ്ചുവർഷം കഠിന തടവ്. വർക്കല വെട്ടൂർ മത്സ്യ ഭവൻ ഓഫീസിലെ മുൻ ഫിഷറീസ് സബ് ഇൻസ്‌പെക്ടർ ബേബൻ ജെ ഫെർണാണ്ടസിനെയാണ് കോടതി വിവിധ വകുപ്പുകളിലായി അഞ്ച് വർഷം കഠിന തടവിനും 1,58,000 രൂപ പിഴക്കും ശിക്ഷ വിധിച്ചത്.

പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാരയാണ് പ്രതിയെ ശിക്ഷിച്ചത്. 35,000 രൂപ വീതം മൂന്ന് ഗഡുവായാണ് അർഹരായ മത്സ്യ തൊഴിലാളികൾക്ക് ഭവന നിർമാണത്തിനുളള തുക നൽകിയിരുന്നത്. ബേസ്മെന്റിന് 7,000 രൂപയും ലിന്റിൽ കോൺക്രീറ്റിന് 18,000 രൂപയും അവസാന ഘട്ടത്തിൽ 10,000 രൂപ എന്ന നിരക്കിലാണ് തുക നൽകുന്നത്.

ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറിൽനിന്ന് അർഹരായ മത്സ്യ തൊഴിലാളികളുടെ ചെക്ക് ഒപ്പിട്ടു വാങ്ങിയ ശേഷം മത്സ്യ ഭവനിലെ രജിസ്റ്ററിൽ തൊഴിലാളികളെ കൊണ്ട് ഒപ്പിടുവിച്ച് ചെക്ക് വിതരണം ചെയ്യുന്നതായിരുന്നു രീതി.എന്നാൽ പ്രതി തൊഴിലാളികൾക്കുളള ചെക്ക് വാങ്ങിയ ശേഷം അത് വിതരണം ചെയ്തിരുന്നില്ല. ചെക്ക് കൃത്യമായി ലഭിക്കാതെ വീടുപണി മുടങ്ങിയ മത്സ്യ തൊഴിലാളികൾ ഡയറക്ടർക്ക് പരാതി നൽകിയപ്പോഴാണ് തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്. ട്രഷറിയിൽ നിന്ന് ചെക്ക് മാറി പോയിരുന്നതായി വിജിലൻസ് കണ്ടെത്തി.പക്ഷേ, മത്സ്യ തൊഴിലാളികളുടെ പേരിലുളള ചെക്ക് എപ്രകാരമാണ് പ്രതി മാറിയെടുത്തതെന്ന് കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിരുന്നില്ല. സർക്കാർ ഖജനാവിന് 1,50,000 രൂപ പ്രതി നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസ് കേസ്.

Related Articles

Back to top button