സ്‌കൂളുകളിലെ വിദ്യാഭ്യാസം രാജ്യസുരക്ഷയ്ക്ക് അടിസ്ഥാനമാക്കിമാറ്റണം – രാജ്‌നാഥ് സിങ്
മാവേലിക്കര: സ്‌കൂളുകളിലെ വിദ്യാഭ്യാസം രാജ്യസുരക്ഷയ്ക്ക് അടിസ്ഥാനമാക്കിമാറ്റണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്ധ്യാത്മിക, മൂല്യാധിഷ്ടിതമായ, ദേശാഭിമാനം വളര്‍ത്തുന്ന വിദ്യാഭ്യാസം നാം നല്കിയില്ലെങ്കില്‍ അടുത്ത തലമുറ അപകടത്തിലേക്കാവും സഞ്ചരിക്കുക. രാഷ്ട്ര സുരക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സൈനിക് സ്‌കൂളുകളില്‍ പഠിച്ച് പുറത്തിങ്ങുന്ന കുട്ടികള്‍ക്ക് ഒരു സൈനികന്റെ എല്ലാ അച്ചടക്കവും നാടിന്റെ സാംസ്‌കാരിക, ധീര പാരമ്പര്യവും കൈവരിക്കാന്‍ സാധിക്കും. സൈനിക് എന്ന വാക്കിന് ഏറെ പ്രാധാന്യമുണ്ട്. സൈനികന്‍ ഒരു പോരാളി മാത്രമല്ല. ഏറെ യോഗ്യതയുള്ള, കഴിവുകളുള്ള ഒരാള്‍ എന്നാണ് കരുതേണ്ടത്. സൈനിക് സ്‌കൂളുകള്‍ക്ക് സമൂഹത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്താന്‍ വലിയ പങ്കുവഹിക്കാനാകും. പ്രത്യേകിച്ച് യുവാക്കളുടെ ഇടയില്‍.
വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്കുന്നതിനൊപ്പം അവര്‍ക്ക് നല്ല മൂല്യങ്ങള്‍ നല്കുന്നതിനും സ്‌കൂള്‍ ശ്രമിക്കണം. ഇത് കുട്ടികളുടെ ജീവിതം മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. ശാരീരികവും മാനസികവുമായ പരിശീലനം ഇവിടെ ലഭിക്കുന്നു. ഇത് ജീവിതത്തില്‍ ഉന്നത വിജയം നേടാന്‍ സഹായിക്കുന്നു. ഇത്തരത്തിലുള്ള വിദ്യാഭ്യാസം യഥാര്‍ത്ഥ പാതയിലേക്ക് നയിച്ച് നല്ല വിജയം നേടാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. പ്രതിരോധവും വിദ്യാഭ്യാസവും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ പ്രാധാന്യമുള്ള രണ്ടു വാക്കുകളാണ്. അതിനാലാണ് 100 സൈനിക് സ്‌കൂളുകള്‍ രാജ്യത്ത് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കുന്നതിനൊപ്പം രാജ്യത്തിന്റെ സര്‍വതോന്മുഖ വികസനത്തിനും ഇതിലൂടെ സാധ്യമാകും.
വിദ്യാര്‍ത്ഥികളുടെ ഭാവി കരുപിടിപ്പിക്കുന്നതില്‍ സൈനിക് സ്‌കൂള്‍ നല്ല പങ്കുവഹിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ഇക്കാര്യത്തില്‍ മാറ്റി നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികളെ കൂടി സൈനിക് സ്‌കൂളുകളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിരോധ സേനകളിള്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിനാല്‍ എല്ലാ പ്രദേശത്തും ജില്ലയിലും സൈനിക് സ്‌കൂളുകള്‍ വേണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൂടുതല്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിലൂടെ നമ്മുടെ സേനകള്‍ക്ക് വലിയൊരു വിഭാഗത്തില്‍ നിന്നും ഉള്‍പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്‌നാഥ് സിങിന്റെ പ്രസംഗം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പരിഭാഷപ്പെടുത്തി.
വിദ്യാധിരാജ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.എന്‍. ശശിധരന്‍ അധ്യക്ഷനായി. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താന്‍ ആമുഖ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി വി.അനില്‍കുമാര്‍ കേന്ദ്രമന്ത്രിയെ ആദരിച്ച് ഉപഹാരം കൈമാറി. മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍, ആര്‍.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ.എം.രമേശന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, സ്‌കൂള്‍ ക്ഷേമസഭ പ്രസിഡന്റ് എച്ച്.മേഘനാഥന്‍, മാതൃസമിതി പ്രസിഡന്റ് ധന്യ രഞ്ജിത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ബി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.