‘രാജേഷിന്റെ ആ വിഷമം അങ്ങ് മാറട്ടെ’.. ഒരുമിച്ചെത്തി വാര്‍ത്താ സമ്മേളനം നടത്തി സതീശനും ചെന്നിത്തലയും…
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം വാർത്താ സമ്മേളനം നടത്തി വിഡി സതീശന്.കേരളത്തിലെ മദ്യനയം മാറ്റിയെന്നും ഇപ്പോള്‍ അപേക്ഷ നല്കിയാന് അനുമതി കിട്ടുമെന്ന് മധ്യപ്രദേശിലെയും പഞ്ചാബിലെയും കമ്പനി മാത്രം എങ്ങനെ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് സമ്മേളനത്തിൽ ചോദിച്ചു.കേരളത്തിലെ ഒരു ഡിസ്റ്റിലറി പോലും പാലക്കാട്ടെ ബ്രൂവറിയുമായി ബന്ധപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. വേറൊരു കമ്പനിക്ക് അപേക്ഷ നല്‍കാനുള്ള അവസരം പോലുമില്ലാതെ ഒയാസിസ് കമ്പനിയുമായി മാത്രം എന്തിനാണ് ചര്‍ച്ച നടത്തിയത്. അതിലെന്താണ് രഹസ്യം എന്നും അദ്ദേഹം ചോദിച്ചു.
രമേശ് ചെന്നിത്തലയും താനും ഈ വിഷയത്തില്‍ ഒരുമിച്ച് വാര്‍ത്താസമ്മേളനത്തിന് എത്തിയത് മന്ത്രി എംബി രാജേഷിന്റെ വിഷമം മാറാനാണെന്നും വിഡി സതീശന് പറഞ്ഞു. ആരാണ് കേമനെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് രമേശ് ചെന്നിത്തലയും വിഡി സതീശനും വേവ്വേറെയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മന്ത്രി രാജേഷ് വിമര്‍ശിച്ചിരുന്നു.
പാലക്കാട്ടെ ബ്രൂവറി വിവാദം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിലും ഉന്നയിച്ചിരുന്നു. ബ്രൂവറിക്ക് അനുമതി നല്‍കിയത് വന്‍ അഴിമതിയാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് ഡല്‍ഹി മദ്യനയ അഴിമതിക്ക് സമാനമാണ്. ഇതിനു പിന്നില്‍ മുന്‍ തെലങ്കാന സര്‍ക്കാരിലെ ചിലരാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.