നിയമസഭയിൽ ‘പിണറായി സ്തുതി’ ആലപിച്ച് പി സി വിഷ്ണുനാഥ്.. പരിഹാസവും…
വാഴ്ത്തുപാട്ടു പാടി മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പി സി വിഷ്ണുനാഥ്. പിണറായി സ്തുതിഗാനം സഭയിൽ ആലപിച്ചാണ് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് മുഖ്യമന്ത്രിയെ പരിഹസിച്ചത്.. ആനുകൂല്യങ്ങൾ കിട്ടാതെയാണ്
സെക്രട്ടറിയേറ്റ് ജീവനക്കാർ പാട്ട് പാടിയതെന്നും സ്റ്റേജിന് പിന്നിൽ കൂട്ടക്കരച്ചിൽ ആയിരുന്നുവെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.സഭയിൽ ഗാനം ആലപിച്ച ശേഷം ‘വയലാർ എഴുതുമോ ഇങ്ങനെയൊരു പാട്ട്’ എന്ന പരിഹാസ പ്രയോഗവും വിഷ്ണുനാഥ് നടത്തി.ആയിരം രൂപ പോലും ശമ്പളം ഇല്ലാത്ത പാവപ്പെട്ട ജീവനക്കാരാണ് സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റിനു മുൻപിൽ സമരം ചെയ്യുന്നത്.പാട്ടുപാടി കഴിഞ്ഞ് വേദിക്ക് പുറകിൽ പോയി കരയുകയായിരുന്നു ജീവനക്കാരെന്നും വിഷ്ണുനാഥ് പറഞ്ഞു.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് പാട്ട് അവതരിപ്പിച്ചത്. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ്ണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്‌ഘാടനച്ചടങ്ങിലായിരുന്നു പുകഴ്ത്തുപാട്ട് പാടിയത്. പിണറായി വിജയൻ കെട്ടിടം ഉദ്‌ഘാടനം ചെയ്യാനായി എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഗാനം ജീവനക്കാർ ആലപിച്ചത്.ധനകാര്യ വകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ എസ് വിമലാണ് സംഗീതം നല്‍കിയത്. സമരധീര സാരഥിയെന്നും കാവലാളെന്നും ഫീനിക്സ് പക്ഷിയെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്. മുമ്പ് തിരുവനന്തപുരം സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. ‘കാരണഭൂതൻ’ തിരുവാതിരയ്ക്ക് സമാനമാണ് പുതിയ പാട്ടെന്നും വിമർശനം ഉയർന്നിരുന്നു.