തടവറവാസത്തിനും നരകയാതനയ്ക്കും അവസാനം.. അവർ മൂന്ന് പേരും ജന്മനാട്ടിൽ തിരിച്ചെത്തി.. അതിർത്തിയിൽ ആഘോഷം…
471 ദിവസത്തെ തടവറവാസത്തിനും നരകയാതനയ്ക്കുമൊടുവിൽ അവർ മൂന്നുപേർ ജന്മനാട്ടിൽ തിരിച്ചെത്തി. ഹമാസ് മോചിപ്പിച്ച ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരാണ് ഇസ്രയേലിലെത്തിയത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേൽ അതിർത്തിയിലെത്തിച്ചത്.തുടർന്ന് ടെൽ അവീവിലെത്തിച്ചു.ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വിഭജിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽ വച്ചാണ് റെഡ്ക്രോസിൽനിന്നു യുവതികളെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങിയത്.
യുവതികളെ ഏറ്റുവാങ്ങുന്ന വേളയിൽ ഇവരുടെ അമ്മമാരോട് ഗാസ അതിർത്തിയിലെത്താൻ ഇസ്രയേൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു.ഇസ്രയേല്‍ വിട്ടയക്കുന്ന പലസ്തീന് തടവുകാരില്‍ 69 സ്ത്രീകളും 9 കുട്ടികളുമാണുള്ളത്. പലസ്തീന് തടവുകാരെയും റെഡ് ക്രോസ് ഏറ്റുവാങ്ങും. റെഡ് ക്രോസിന്റെ വാഹനങ്ങള്‍ വെസ്റ്റ് ബാങ്ക് ജയിലിനടുത്ത് എത്തി. അഭയാര്‍ത്ഥി ക്യാമ്പുകളില്‍നിന്ന് ജനം കൂട്ടത്തോടെ വടക്കന്‍ ഗാസയിലേക്ക് മടങ്ങുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഗാസയില്‍ ആഘോഷപ്രകടനങ്ങള്‍ തുടങ്ങി. ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുകയാണ്. ആദ്യ ദിവസം മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് താത്ക്കാലിക പരിസമാപ്തിയായിരിക്കുന്നത്.




