സുഹൃത്തിന്റെ ഭാര്യയുടെ സ്വർണമാല കടംവാങ്ങി.. തിരികെ നൽകാൻ വഴിയില്ല.. മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടി.. പിടിയിൽ…

സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പിടിയിൽ.കാസർകോട് മാലോം സ്വദേശി ഷാജിയെ ആണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാശിന് അത്യാവശ്യം വന്നപ്പോഴാണ് മാലോം ചുള്ളിനായ്ക്കർ വീട്ടിൽ ഷാജി തൻ്റെ സുഹൃത്തിൻ്റെ ഭാര്യയുടെ കൈയിൽ നിന്ന് സ്വർണ്ണമാല കടം വാങ്ങിയത്. ഇത് ബാങ്കിൽ പണയം വെച്ച് കാശു വാങ്ങി. അവധി കഴിഞ്ഞതോടെ സുഹൃത്തിന്റെ ഭാര്യ മാല തിരിച്ചു ചോദിച്ചു.പക്ഷേ തിരിച്ചെടുക്കാൻ ഷാജിയുടെ കയ്യിൽ കാശില്ല. തുടർന്നാണ് സ്വർണ്ണമാല പൊട്ടിക്കുക എന്ന വഴി തേടിയത്. തോട്ടിൽ തുണി കഴുകാനായി പോയ വീട്ടമ്മയുടെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണ മാല പട്ടാപകൽ ഷാജി പൊട്ടിച്ചോടി.

ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതി പിടിയിലായത്. പൊട്ടിച്ചെടുത്ത മാല ഷാജി മാലക്കല്ലിലെ ഒരു ജ്വലറിയിൽ വിറ്റ ശേഷം, മുക്കാൽ പവൻ തൂക്കം വരുന്ന മറ്റൊരു സ്വർണ്ണമാല വാങ്ങുകയുമായിരുന്നു. കടം വാങ്ങിയതിന് പകരമായി സുഹൃത്തിൻ്റെ ഭാര്യയ്ക്ക് ഈ മാല നൽകുകയും ചെയ്തു. ജില്ലയിൽ മുൻപ് നടന്നിട്ടുള്ള മറ്റേതെങ്കിലും മോഷണകേസിൽ ഷാജിക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button