എൻ എം വിജയൻ്റെ മരണം… ആത്മഹത്യാ പ്രേരണ കേസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക്…

വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മറ്റൊരു കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം തുടങ്ങിയ സാധാരണ ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 

രണ്ടു ദിവസങ്ങളിലായി വാദം കേട്ട കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ ഇന്ന് വിധി പ്രസ്താവിച്ചത്. കെപിസിസി പ്രസിഡണ്ടിന് എഴുതിയ കത്തുകൾ മരണക്കുറിപ്പായി പരിഗണിക്കണമെന്നും ഡയറിക്കുറിപ്പിലും ഫോൺകോളുകളിലും സാമ്പത്തിക ഇടപാടുകൾക്ക് തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസും ഇതിനോട് ബന്ധമുള്ള മൂന്ന് വഞ്ചനാ കേസുകളും ഇനി മുതൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത് 

Related Articles

Back to top button