ചേന്ദമംഗലം കൂട്ടക്കൊല…ഋതു കൊടും ക്രിമിനൽ…

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ജിതിന് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് സുമനസുകളുടെ സഹായം തേടുകയാണ് ചേന്ദമംഗലം പഞ്ചായത്ത്.
ഒരു നാടിനെയാകെ നടുക്കിയകൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്.

ഒരു മതിലിനപ്പുറം താമസിക്കുന്നയാൾ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും, അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ക്രൂരകൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും ഋതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു. ഋതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം



