ടിപിയുടെ മകന്റെ വിവാഹത്തിന് എത്തുമോ സിപിഎമ്മുകാർ? ക്ഷണകത്ത് നൽകിയവരുടെ പട്ടികയിൽ….
അന്തരിച്ച ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റേയും കെക രമ എംഎല്‍എയുടേയും മകൻ അഭിനന്ദിന്റെ വിവാഹത്തിന് സിപിഎം നേതാക്കള്‍ പങ്കെടുക്കുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കൗതുകമാണിത്. എംഎല്‍എ എന്ന നിലയില്‍ മുഖ്യമന്ത്രിയടക്കം എല്ലാ എംഎല്‍എമാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും ചില നേതാക്കൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ജനുവരി 24ന് വടകരയിലാണ് വിവാഹം. ടിപിയുടെ കുടുംബവുമായി സഹകരിക്കുന്നതിൽ നിലവില്‍ സിപിഎം ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് വിവാഹത്തിൽ പങ്കെടുക്കുന്നതിനും വിലക്കില്ലെന്നാണ് സൂചന. എന്നാൽ പ്രാദേശികമായി സിപിഎമ്മും ആര്‍എംപിയും കടുത്ത ശത്രുതയിലാണുള്ളത്. അതുകൊണ്ട് തന്നെ ആരും വിവാഹത്തില്‍ പങ്കെടുക്കരുത് എന്ന ആവശ്യം ഉയരാനും സാധ്യതയുണ്ട്. സിപിഎം നേതാവായിരുന്ന ടിപി ചന്ദ്രശേഖരൻ പാര്‍ട്ടിയുമായി തെറ്റിയാണ് ആര്‍എംപി രൂപീകരിച്ചത്. ഇതിലെ പകയാണ് ടിപിയുടെ ക്രൂരമായ കൊലപാതകത്തില്‍ എത്തിയത്. ടി.പിക്ക് പാർട്ടിയിൽ വലിയ സുഹൃത്ത് വലയമുണ്ടായിരുന്നു. 2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരൻ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. നിയമസഭയ്ക്കുള്ളിലും കെ.കെ രമയും നേതാക്കളുമായി വലിയ പോര് നടക്കാറുണ്ട്. അതിനാൽ എല്ലാവരും എത്തുമോയെന്ന കാര്യം സംശയമാണ്.