ഡിസിസി ട്രഷറർ എൻഎം വിജയൻറെ ആത്മഹത്യ…3 വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും…
വയനാട്ടിലെ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മൂന്ന് വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് തീരുമാനം. പത്രോസ് താളൂർ, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസിൽ ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥൻ എന്നിവരാണ് പ്രതികൾ.
ആത്മഹത്യാ കുറിപ്പിനെ കുറിച്ച് കൃത്യമായി അന്വേഷിക്കണം എന്ന് ഐസിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ചില വരികൾ വെട്ടിയ നിലയിലാണ്. എംഎൽഎക്കെതിരെ രാഷ്ട്രീയ വേട്ടയാടൽ നടക്കുകയാണ്. ഐസി ബാലകൃഷ്ണൻ ഹൃദ്രോഗത്തിന് ചികിത്സയിലാണെന്നും അഭിഭാഷകൻ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും അന്വേഷണത്തിൽ ഇടപെടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.