അൻവറിന്റെ കള്ളം കയ്യോടെ പൊളിച്ച് സിപിഎം.. സതീശനെതിരെ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിൽ.. അയച്ച കത്ത് പുറത്ത്…
പ്രതിപക്ഷ നേതാവിന് എതിരെ സഭയിൽ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിക്കൽ സെക്രട്ടറി പി ശശി എഴുതി തന്നതാണെന്ന പി വി അൻവറിന്റെ വാദം പൊളിയുന്നു. പി വി അൻവർ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിൽ കെ റെയിൽ അട്ടിമറിക്കാൻ ബെംഗളൂരു ഐടി കമ്പനികളിൽ നിന്ന് വി ഡി സതീശൻ പണം വാങ്ങിയെന്ന പരാമർശമുണ്ട്. കത്തിന്റെ പകർപ്പ് സിപിഎം പുറത്ത് വിട്ടു.പ്രതിപക്ഷ നേതാവിന് എതിരെ ആരോപണം സഭയിൽ ഉന്നയിച്ചത് പി ശശി എഴുതി തന്നതാണ് എന്നാണ് അൻവർ പറഞ്ഞത്. രാജി പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ അൻവർ വിഡി സതീശനോട് മാപ്പ് അപേക്ഷിച്ചത് ഈ കാരണം പറഞ്ഞായിരുന്നു.
എന്നാൽ 2024 സെപ്റ്റംപർ 13ന് അൻവർ എംവി ഗോവിന്ദന് അയച്ച കത്തിൽ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിലാണെന്ന് പറയുന്നു. തനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെയും ടിപി രാമകൃഷ്ണന്റെയും അനുമതി വാങ്ങി സ്വന്തം നിലയിൽ ആണ് സഭയിൽ ആരോപണം ഉന്നയിച്ചത് എന്ന് കത്തിൽ പരാമർശം.താൻ വലിയ പാപ ഭാരങ്ങൾ ചുമക്കുന്നയാളെന്നായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. വി ഡി സതീശന് എതിരായി ആരോപണം ഉന്നയിക്കേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്താവന. പി.ശശി പറഞ്ഞിട്ടാണ് സതീശന് എതിരെ ആരോപണം ഉന്നയിച്ചതെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നത്. പി ശശി എഴുതി ടൈപ്പ് ചെയ്ത് തന്നതാണ് പറഞ്ഞതെന്നും മുഖ്യമന്ത്രിക്കെതിരായ ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തിൽ മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ഉന്നയിക്കാൻ തയാറായതെന്നും അർവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.എന്നാൽ അൻവറിന്റെ ഈ വാദങ്ങൾ പൊളിയുന്നതാണ് പുറത്തുവന്ന കത്തിലെ വിവരങ്ങൾ.




