ആര്യാടൻ ഷൗക്കത്തിനോട് വിരോധമില്ല.. സ്ഥാനാർത്ഥിയായാൽ പിന്തുണക്കുമെന്ന് അൻവർ…
നിലമ്പൂരിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് പി വി അൻവർ. എന്നാൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ ജയം ഉറപ്പ് പറയാനാകില്ലെന്നും തന്റെ കഴിവിന്‍റെ പരമാവധി യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനോട് തനിക്ക് വിരോധമില്ല. തനിക്കൊപ്പം വരാൻ നിൽക്കുന്ന ഇടതുപക്ഷത്തുള്ളവർ നേരിട്ട് കോണ്‍ഗ്രസിൽ ചേരില്ലെന്നും അതുകൊണ്ടാണ് തൃണമൂൽ കോണ്‍ഗ്രസിൽ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷൗക്കത്തിനെ കുറിച്ച് മുമ്പ് പറഞ്ഞത് നല്ല ഉദ്ദേശത്തോടുകൂടിയാണ്. രാഷട്രീയത്തേക്കാൾ അദ്ദേഹത്തിന്റെ കഴിവ് താൻ കണ്ടിട്ടുളളത് കലയിലാണ്. സാംസ്കാരിക മേഖലയ്ക്ക് അങ്ങനെയൊരാളെ നഷ്ടപ്പെടാതിരിക്കാനും ആര്യാടൻ ഷൗക്കത്തിനോടുളള ഇഷ്ടം കൊണ്ടുമാണ് ഇത് പറഞ്ഞതെന്നും പി വി അൻവർ വ്യക്തമാക്കി.
നേരത്തെ ആര്യാടൻ ഷൗക്കത്തിനെ പരിഹസിച്ചുകൊണ്ട് പി വി അൻവർ രംഗത്തെത്തിയിരുന്നു. ആരാണ് ആര്യാടന്‍ ഷൗക്കത്ത് എന്നായിരുന്നു അന്‍വറിന്റെ ചോദ്യം. ‘അയാള്‍ കഥയെഴുതുകയാണ്, അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?’ എന്നും അൻവർ പറഞ്ഞിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പി വി അൻവറിന്റെ മറുപടി.