6500 രൂപയുടെ സിഗരറ്റ്,ഗ്യാസ് സിലിണ്ടർ, പണം….വഴിയോരത്തെ പെട്ടിക്കടകളിൽ….
താമരശ്ശേരിയില്‍ വഴിയോരത്തെ പെട്ടിക്കടകളില്‍ മോഷണം. ദേശീയ പാതയോരത്ത് അമ്പായത്തോട് മിച്ചഭൂമിക്ക് മുന്‍വശം പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലെ ഉന്തുവണ്ടികള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മിച്ചഭൂമിയിലെ താമസക്കാരായ സാമിക്കുട്ടിയുടെ കടയില്‍ നിന്നും 6500 രൂപയുടെ സിഗററ്റും ബിന്ദുവിന്റെ കടയിലെ ഗ്യാസ് സിലണ്ടര്‍, ബേക്കറി സാധനങ്ങള്‍, പെട്ടിയില്‍ ഉണ്ടായിരുന്ന പണം എന്നിവയും കവര്‍ന്നു.
ശശി എന്നയാളുടെ ഉന്തുവണ്ടിയുടെ വാതിലും തകര്‍ത്ത നിലയിലാണ്. സാമിക്കുട്ടിയുടെ ഉന്തുവണ്ടിയുടെ മുകള്‍ ഭാഗം തകര്‍ത്താണ് അകത്തുള്ള സിഗററ്റ് പാക്കറ്റുകള്‍ കവര്‍ന്നത്. മറ്റു രണ്ടു കടകളിലും ഉണ്ടായിരുന്ന ഉന്തുവണ്ടികളുടെ മുന്‍ഭാഗമാണ് തകര്‍ത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് താമരശ്ശേരിക്ക് സമീപം കോരങ്ങാട്, മഞ്ചട്ടി, കെടവൂര്‍ എന്നിവിടങ്ങളില്‍ എട്ടോളം വീടുകളില്‍ മോഷണം നടന്നിരുന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. മൂന്നു ദിവസം മുന്‍പാണ് പട്ടാപ്പകല്‍ താമരശ്ശേരി ചുങ്കത്തെ ബാറ്ററി സര്‍വീസ് കടയില്‍ നിന്നും മൂന്നു ബാറ്ററികള്‍ ആക്ടിവ സ്‌കൂട്ടറിലെത്തിയ സംഘം മോഷ്ടിച്ചത്.