500ന്റെ വ്യാജ നോട്ട് വ്യാപകം…നല്ല നോട്ട് എങ്ങനെ തിരിച്ചറിയണം… ക്ലാസുമായി….
അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ടുകൾ വ്യാപകമെന്ന് പരാതി. പിന്നാലെ ബോധവൽക്കരണ നടപടികളുമായി ബിഹാറിൽ പൊലീസ്. ബിഹാർ പൊലീസ് ഹെഡ്ക്വാർട്ടേഴ്സാണ് വ്യാജനോട്ട് വ്യാപകമാവുന്നതായി വിശദമാക്കി മുന്നറിയിപ്പ് പുറത്തിറക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ജില്ലാ മജിസ്ട്രേറ്റുമാർക്കും പൊലീസ് സൂപ്രണ്ടുമാർക്കും വ്യാജ നോട്ട് തിരിച്ചറിയാനുള്ള ബോധവൽക്കരണ പരിപാടികൾ ശക്തമാക്കാനുള്ള നിർദ്ദേശമാണ് പൊലീസ് നൽകിയിട്ടുള്ളത്.
ബിഹാറിലെ വിവിധ ജില്ലകളിൽ അടുത്തിടയായി വ്യാപകമായ രീതിയിലാണ് അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ട് കിട്ടിയതായി പരാതി വന്നിട്ടുള്ളത്. നോട്ടിലെ ചെറിയ അക്ഷര പിശക് അടക്കമുള്ളവ ഉപയോഗിച്ച് വ്യാജ നോട്ട് തിരിച്ചറിയാമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു. ഒറിജിനൽ നോട്ടിന്റെ പ്രതലവും വ്യാജ നോട്ടും തമ്മിൽ വ്യത്യാസമുണ്ടാകും. വ്യാജ കറൻസിയിൽ പ്രിന്റിന് ചെറിയ രീതിയിൽ ഉള്ള മങ്ങൽ കാണാനുള്ള സാധ്യതയുണ്ട്. നോട്ടിന്റെ നിറം സ്റ്റോൺ ഗ്രേ ആയിരിക്കും. സ്റ്റോൺ ഗ്രേ നിറത്തിലുള്ള ജിയോമെട്രിക് പാറ്റേണുകളാണ് നോട്ടിന്റെ ഇരുവശങ്ങളിലും കാണുക. നോട്ടിന്റെ 500 എന്ന അക്കം മറുവശം കാണാവുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. 66 മില്ലിമീറ്ററും 150 മില്ലി മീറ്ററുമാണ് കറൻസിയുടെ വലുപ്പം.
കയ്യിലുള്ളത് വ്യാജനോട്ടാണോയെന്ന് എളുപ്പത്തിൽ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
1. വാട്ടർമാർക്ക് നോക്കുക: എല്ലാ ഇന്ത്യൻ കറൻസി നോട്ടുകൾക്കും ഒരു വാട്ടർമാർക്ക് ഉണ്ട്, അത് വെളിച്ചത്തിൽ പിടിക്കുമ്പോൾ കാണാൻ കഴിയും. മഹാത്മാഗാന്ധിയുടെ ഛായാചിത്രമാണ് വാട്ടർമാർക്ക്, ഇത് നോട്ടിന്‍റെ ഇടതുവശത്ത് കാണാം.
2. സെക്യൂരിറ്റി ത്രെഡ് പരിശോധിക്കുക: ഇന്ത്യൻ കറൻസി നോട്ടുകളിൽ ലംബമായി ഒരു നൂൽ ഉണ്ട്. അതിൽ ആർ ബി ഐ എന്നും നോട്ടിന്‍റെ മൂല്യവും അച്ചടിച്ചിരിക്കുന്നത് കാണാം. വെളിച്ചത്തിലേക്ക് പിടിച്ചാൽ നൂൽ വ്യക്തമായി കാണാം.
3. പ്രിന്‍റിംഗ് നിലവാരം പരിശോധിക്കുക: യഥാർത്ഥ ഇന്ത്യൻ കറൻസി നോട്ടുകളുടെ അച്ചടി ഗുണനിലവാരം മികച്ചതാണ്. മൂർച്ചയേറിയതും വ്യക്തവുമായ വരകളുമാണ് കറൻസികളിലുണ്ടാവുക. വ്യാജ നോട്ടുകളിൽ മങ്ങിയ വരകളോ, പുരണ്ട മഷിയോ ഉണ്ടായിരിക്കാം.
4. സീ – ത്രൂ രജിസ്റ്റർ : ഇന്ത്യൻ കറൻസി നോട്ടുകൾക്ക് ഒരു സീ – ത്രൂ രജിസ്റ്റർ ഉണ്ട്, നോട്ടിന്‍റെ മുൻഭാഗത്തും പിന്നിലും അച്ചടിച്ച നോട്ടിന്‍റെ മൂല്യത്തിന്‍റെ ഒരു ചെറിയ ചിത്രം വെളിച്ചത്തിലേക്ക് പിടിക്കുമ്പോൾ കാണാവുന്നതാണ്.
5. മൈക്രോ – ലെറ്ററിങ്ങ്: ഇന്ത്യൻ കറൻസി നോട്ടുകളിൽ മൈക്രോ – ലെറ്ററിംഗ് ഉണ്ട്, അത്ഭൂതക്കണ്ണാടിക്ക് കീഴിൽ കാണാവുന്ന ചെറിയ എഴുത്താണ്. മൈക്രോ ലെറ്ററിംഗ് യഥാർത്ഥ നോട്ടുകളിൽ വ്യക്തവും മൂർച്ചയുള്ളതുമാണ്, പക്ഷേ വ്യാജ നോട്ടുകളിൽ ഇത് മങ്ങിയിരിക്കും.
6. പേപ്പറിന്‍റെ ഗുണനിലവാരം പരിശോധിക്കുക: ഉയർന്ന നിലവാരമുള്ള പേപ്പറിലാണ് യഥാർത്ഥ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ചിരിക്കുന്നത്, വ്യാജ നോട്ടുകൾ മിനുസമാർന്നതോ വഴുക്കലുള്ളതോ ആയിരിക്കും.
7. സീരിയൽ നമ്പർ പരിശോധിക്കുക: ഓരോ ഇന്ത്യൻ കറൻസി നോട്ടിലും ഒരു തനത് സീരിയൽ നമ്പർ പ്രിന്‍റ് ചെയ്തിരിക്കും. നോട്ടിന്‍റെ ഇരുവശത്തും സീരിയൽ നമ്പർ ഒന്നുതന്നെയാണെന്നും സൈഡ് പാനലിൽ പ്രിന്റ് ചെയ്തിരിക്കുന്ന സീരിയൽ നമ്പറുമായി അത് പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക.