ട്രെയിനിൽ യാത്രക്കാരനെ അടിച്ചുവീഴ്ത്തി മുകളിൽ കയറിയിരുന്ന് ടിടിഇ…ബെൽറ്റ് കൊണ്ടടിച്ച് അറ്റൻഡർ… സസ്പെൻഷൻ….

യാത്രക്കാരനും ട്രെയിൻ അറ്റൻഡർമാരും ട്രെയിനിൽ വച്ച് മദ്യപിച്ചതിന് പിന്നാലെ തമ്മിൽത്തല്ലും സംഘർഷവും. മദ്യലഹരിയിൽ ട്രെയിനിൽ പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ ടിക്കറ്റ് എക്‌സാമിനറും കോച്ച് അറ്റൻഡറും ചേർന്ന് മർദിക്കുന്ന ദൃശ്യം പുറത്തുവന്നു. അമൃത്‌സർ – കതിഹാർ എക്‌സ്‌പ്രസിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ ഷെയ്ഖ് താസുദ്ദീനെയാണ് മർദ്ദിച്ചത്.

ബിഹാറിലെ സിവാനിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്നു യാത്രക്കാരൻ. എം2 കോച്ചിൽ കോച്ച് അറ്റൻഡന്‍റുമാരായ വിക്രം ചൗഹാൻ, സോനു മഹാതോ എന്നിവർക്കൊപ്പം താസുദ്ദീൻ മദ്യപിച്ചതായി യാത്രക്കാർ പറയുന്നു. മദ്യലഹരിയിൽ താസുദ്ദീൻ സ്ത്രീകളോട് മോശമായി പെരുമാറി. ഇടപെടാനെത്തിയ വിക്രം ചൗഹാനെയും ടിക്കറ്റ് എക്സാമിനർ (ടിടിഇ) രാജേഷ് കുമാറിനെയും താസുദ്ദീൻ ആക്രമിച്ചതോടെ പ്രശ്നം രൂക്ഷമായി.

പിന്നാലെ ടിടിഇയും കോച്ച് അറ്റൻഡറും യാത്രക്കാരനെ മർദിക്കുകയും ചവിട്ടുകയും ചെയ്തു. ടിടിഇ യാത്രക്കാരനെ തറയിൽ ചവിട്ടി വീഴ്ത്തുന്നതും അറ്റൻഡർ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നതുമായ ദൃശ്യം പുറത്തുവന്നു. കോച്ച് അറ്റൻഡർ യാത്രക്കാരനിൽ നിന്ന് പണം വാങ്ങി മദ്യപാനത്തിൽ പങ്കുചേർന്നുവെന്ന് മറ്റ് യാത്രക്കാർ പൊലീസിനോട് പറഞ്ഞു. ട്രെയിൻ ഫിറോസാബാദിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് യാത്രക്കാരനെയും ടിടിഇയെയും കസ്റ്റഡിയിലെടുത്തു. കോച്ച് അറ്റൻഡന്‍റ് വിക്രം ചൗഹാൻ അപ്പോഴേക്കും ഓടിപ്പോയി.

യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് അറ്റൻഡർമാർക്കും ടിക്കറ്റ് എക്സാമിനർക്കും എതിരെ പൊലീസ് കേസെടുത്തു. ടിടിഇ രാജേഷ് കുമാറിനെ റെയിൽവേ സസ്പെൻഡ് ചെയ്തു. ലഖ്നൗവിലെ ഡിവിഷണൽ ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. രണ്ട് അറ്റൻഡർമാരെയും സസ്‌പെൻഡ് ചെയ്തെന്ന് റെയിൽവെ അറിയിച്ചു.

Related Articles

Back to top button