ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം…വിധികേട്ട ഉടനെ പ്രതിക്കൂട്ടിൽ തളർന്ന് ഇരുന്നു……
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി ചെമ്മന്നൂർ പ്രതികൂട്ടിൽ തളർന്നു ഇരുന്നു. തുടർന്ന് ബോബിയെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ജനറൽ ആശുപത്രിയിലേക്കാകും കൊണ്ട് പോകുക.
നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്നാണ് വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അഡ്വ. രാമൻ പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി കോടതിയിൽ ഹാജരായത്. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്നും മുഴുനീളം സമൂഹമാധ്യമങ്ങളിൽ, വാർത്തകളിൽ നിറഞ്ഞ് നടി പബ്ലിസിറ്റിയുണ്ടാക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ശരീരത്തിൽ സ്പർശിച്ചു എന്ന് പറയുന്നത് തെറ്റാണ്. പരാതിയിൽ ഉന്നയിക്കുന്ന വീഡിയോ പരാതിക്കാരി തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്തി ദേവി പരാമർശത്തിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും വ്യാജ ആരോപണമാണെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമെന്നും അഡ്വ. രാമൻപിള്ള വാദിച്ചു.