വാളയാര്‍ കേസിൽ…നിരപരാധിത്വം തെളിയിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ…
വാളയാര്‍ കേസിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ കേസും ചുമത്തി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിൽ പ്രതികരണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവുതരട്ടെയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐയിൽ വിശ്വാസമില്ലാതായി. മക്കളുടെ മരണത്തിൽ സിബിഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടു.
യഥാർഥ പ്രതികളെ പറയാൻ കഴിയാത്തത് കൊണ്ടാണ് സി.ബി.ഐ മാതാപിതാക്കളെ പ്രതി ചേർത്തത്. ഇതിനെ നിയമപരമായി നേരിടും. സി.ബി.ഐക്കാൾ കേരള പൊലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കൽ തെളിയുമെന്നും അമ്മ പറഞ്ഞു. കേസ് അട്ടിമറിക്കാൻ തന്നെയാണ് സിബിഐയുടെയും ലക്ഷ്യം. യഥാര്‍ത്ഥ പ്രതികളിലേക്ക് അവര്‍ക്ക് എത്താൻ കഴിയാത്തതിനാലാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. നേരത്തെ പൊലീസ് നടത്തിയ അന്വേഷണം തെറ്റായ രീതിയിലാണെന്നും കേസ് അട്ടിമറിക്കപ്പെട്ടുവെന്നും കോടതിക്കും സര്‍ക്കാരിനും ബോധ്യമായതിനാലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.