ഇരുപത് വയസിൽ താഴെമാത്രം പ്രായം.. പിടിച്ചാൽ അക്രമിച്ച് രക്ഷപെടും.. ഭീതി പരത്തിയ ചുമടുതാങ്ങി തിരുട്ടുസംഘത്തെ കുടുക്കി പന്തളം പോലീസ്…
രണ്ട് കൗമാരക്കാരുള്‍പ്പെടെ ആറു പേരടങ്ങുന്ന ‘ചുമടുതാങ്ങി തിരുട്ടുസംഘ’ത്തിലെ മൂന്നുപേരെ, പന്തളം പോലീസ് ശ്രമകരമായി കീഴടക്കി. ഒന്നരവര്‍ഷമായി വാഹനങ്ങളടക്കം മോഷണങ്ങള്‍ ഹരമാക്കിയ, നാട്ടില്‍ ഭീതി വിതച്ച് ജനങ്ങളുടെ ഉറക്കം കെടുത്തിയ, യുവാക്കളും കൗമാരക്കാരുമടങ്ങിയ തസ്കരസംഘത്തിലെ പ്രധാന കണ്ണികളാണ് പോലീസിന്റെ പിടിയിലായത് . കടമ്പനാട് കല്ലുകുഴി മുക്കുന്നിവടക്കേതില് കുട്ടു എന്ന് വിളിക്കുന്ന ബിജീഷ് (19), കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറ്റേ മുറിയില്‍ നെടിയവിള മാണിക്കമംഗലം കോളനിയില്‍ പാലിക്കലേത്ത് വീട്ടില്‍ ആദിത്യന് (19), കൊല്ലം പോരുവഴി ഇടയ്ക്കാട് ചാലമുക്ക് ബിവറേജസ് ഷോപ്പിന് സമീപം കുളത്തരയ്യത്ത് വീട്ടില്‍ നിഖില്‍ (20) എന്നിവരാണ് പിടിയിലായത്.
വാഹനമോഷണം പതിവാക്കി ജനങ്ങളില്‍ പരിഭ്രാന്തി പരത്തി നടന്ന സംഘത്തിന് കല്ലുകുഴി നിവാസികള്‍ ചുമടുതാങ്ങി ജംഗ്ഷന്റെ പേര് നല്‍കുകയായിരുന്നു. അങ്ങനെയാണ് നാടിന്റെ പേരില്‍ തിരുട്ടുസംഘമെന്ന നിലയില്‍ ഇവര്‍ കുപ്രസിദ്ധരായത്.