റിപ്പബ്ലിക് ദിനത്തിലെ അവധി ഒഴിവാക്കും… സർക്കാർ സ്കൂളുകൾ മാത്രമല്ല, സ്വകാര്യ സ്കൂളുകളും….
റിപ്പബ്ലിക് ദിനത്തിൽ പൂർണമായും അവധി നൽകുന്ന രീതിക്ക് മാറ്റം വരുത്താനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനം. മുഴുവൻ ദിവസ അവധിക്ക് പകരം ദേശീയതയിൽ ഊന്നിക്കൊണ്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം വ്യക്തമാക്കി വിജ്ഞാപനവും പുറപ്പെടുവിച്ച് കഴിഞ്ഞു.
2025 മുതൽ ഇനിയങ്ങോട്ട് എല്ലാ വർഷവും ജനുവരി 26ലെ പൂർണ അവധി ഒഴിവാക്കുകയാണ്. സ്കൂളുകളുടെ സാധാരണ പ്രവർത്തി ദിവസത്തെ അതേ സമയം തന്നെ മത്സരങ്ങളും സംഘടിപ്പിക്കണം. സർക്കാർ സ്കൂളുകൾക്ക് പുറമേ സ്വകാര്യ മേഖലയിലെ സ്കൂളുകൾക്കും സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ബാധകമായിരിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ ചടങ്ങിന് ശേഷം മാർച്ച് പാസ്റ്റും തുടർന്ന് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
അതേസമയം സർക്കാർ ഉത്തരവിനെതിരെ ഒരു വിഭാഗം അധ്യാപകരും രക്ഷിതാക്കളും പൊതുപ്രവർത്തകരും രംഗത്ത് എത്തി. തെറ്റായ തീരുമാനമെന്ന വിമർശനമാണ് സർക്കാരിന്റെ അവധി വെട്ടിച്ചുരുക്കലിനെ കുറ്റപ്പെടുത്തുന്നത്. പതാക ഉയർത്തലും മാർച്ച് പാസ്റ്റും അംഗീകരിക്കാവുന്നതാണെന്നും എന്നാൽ മുഴുവൻ സമയ പ്രവർത്തി ദിനമായി കണക്കാക്കുന്നത് എന്തിനാണെന്നാണ് അധ്യാപക സംഘടനകൾ ഉന്നയിക്കുന്ന ചോദ്യം. ഒരു ദിവസം മുഴുവൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും ആവശ്യമില്ലാത്ത കാര്യമാണെന്നും അധ്യാപകർ കുറ്റപ്പെടുത്തി