കാട്ടാന ആക്രമിക്കുമ്പോൾ മണിയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നു… അഞ്ചുവയസ്സുകാരൻ തെറിച്ചു വീണത്….

ഇന്നലെ നടന്ന കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയും ആവശ്യമായ സഹായവും നൽകുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. നിലമ്പൂര്‍ കരുളായി വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ 35 കാരനായ മണി ആണ് കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിക്കുമ്പോൾ മണിയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചുവയസുകാരൻ രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട 6.45ഓടെയാണ് ​ദാരുണമായ സംഭവം നടന്നത്.

കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം, മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകൻ തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന മണിയുടെ കുട്ടിയ്ക്കുനേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10ഓടെയാണ് കൂടെയുണ്ടായിരുന്നവര്‍ തിരിച്ചെത്തിയപ്പോള്‍ മണിയുടെ സഹോദരൻ അയ്യപ്പൻ വിവരം അറിഞ്ഞത്. മൊബൈൽ നെറ്റ് വര്‍ക്ക് ഇല്ലാത്തതും തിരിച്ചടിയായി.

അയ്യപ്പൻ അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്. ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് മണി ചുമന്നത്. വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിക്കാൻ വേണ്ടിയാണ് ചുമന്ന് കൊണ്ടുവന്നത്. കണ്ണക്കൈയിൽ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പിൽ കാടിന് പുറത്ത് എത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിയെ ആണ് മണി മരിച്ചത്. നഷ്ടപരിഹാര തുകയായ പത്തു ലക്ഷം ഉടൻ നൽകുമെന്നും കൊടുംവനത്തിൽ വെച്ചാണ് അപകടമുണ്ടായതെന്നും മണിയുടെ ഇളയമകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ പറഞ്ഞു.

മരിച്ച യുവാവിന്‍റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വന്യ ജീവി ആക്രമണം തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാൻ ആണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണ്. വന നിയമ ഭേദഗതിയിൽ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കു. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും അത്തരം ആലോചന ഇതുവരെ ഇല്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Related Articles

Back to top button